മൂന്നു കോച്ചുമായി കൊച്ചി മെട്രോ കുതിക്കും

single-img
24 May 2013

കൊച്ചി മെട്രോ ട്രെയിനിന്റെ രൂപഘടനയില്‍ തീരുമാനമായി. മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും കൊച്ചി മെട്രോയുടെ ഭാഗമാകുന്നത്. ഒരു ട്രെയിനില്‍ ഒരേ സമയം ആയിരം പേര്‍ക്ക് യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 34 കിലോമീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ കുതിക്കുന്നത്. കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ( കെഎംആര്‍എല്‍ ) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമായത്.

ജൂണ്‍ ഏഴിനാണ് ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക)യ്ക്കു പുറമെ മറ്റു ഏജന്‍സികളുമായും ബാങ്കുകളുമായും ചര്‍ച്ച തുടരും. സ്വകാര്യ ഏജന്‍സികളെയും ഇതിനായി സമീപിച്ചിട്ടുണ്ട്. കൊച്ചി മെട്രോയെ യാഥാര്‍ത്ഥ്യത്തിലേയ്ക്കു നയിച്ചു കൊണ്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും കെഎംആര്‍എല്ലും തമ്മില്‍ കഴിഞ്ഞ ദിവസമാണ് നിര്‍മ്മാണക്കരാര്‍ ഒപ്പുവച്ചത്.