കലാഭവന്‍ മണി കീഴടങ്ങി

single-img
24 May 2013

വനപാലകരെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ കലാഭവന്‍ മണി പോലീസിനു മുന്നില്‍ കീഴടങ്ങി. ചാലക്കുടി വൈറ്റിലപ്പാറ പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് 1.50 ഓടെയാണ് മണി എത്തിയത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ജാമ്യത്തിനു മണി അപേക്ഷിച്ചെങ്കിലും കോടതി കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മെയ് 14 ന് രാത്രിയില്‍ അതിരപ്പള്ളി വനമേഖലയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലക്കുടി- അതിരപ്പള്ളി റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വനപാലകര്‍ മണിയും സംഘവും സഞ്ചരിക്കുകയായിരുന്ന കാര്‍ കൈകാണിച്ച് നിര്‍ത്തിയെങ്കിലും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. മണിയുടെ സുഹൃത്തും കുടുംബവുമാണ് അദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.വനപാലകര്‍ ആവശ്യപ്പെട്ട പ്രകാരം പരിശോധന നടത്താന്‍ മണി അനുവദിച്ചില്ല. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കാര്‍ ഓടിച്ചു പോകുകയും ചെയ്തു. ഏകദേശം പതിനഞ്ചു മിനിറ്റിനു ശേഷം തിരികെ വന്ന മണിയും സുഹൃത്തും ബീറ്റ് ഓഫീസര്‍മാരെ മര്‍ദ്ദിച്ചു എന്നാണ് വനപാലകര്‍ പരാതി നല്‍കിയത്. വനപാലകര്‍ തന്നെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് മണി സംഭവത്തിനു ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് ഒളിവില്‍ പോയി. വനപാലകര്‍ ആക്രമിച്ചെന്ന് മണിയുടെ സുഹൃത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ തിരിച്ചും കേസ് എടുത്തിട്ടുണ്ട്.