ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമെന്ന് ധാരണയുണ്ടായിരുന്നതായി ഐ ഗ്രൂപ്പ്.

single-img
22 May 2013

01ramesh.jpg.crop_displayകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നും കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍തന്നെ ഇത്തരത്തില്‍ ഒരു ധാരണ നിലവിലുണ്ടായിരുന്നെന്നും വെളിപ്പെടുത്തി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. അടുത്ത രണ്ടു വര്‍ഷത്തേക്ക് രമേശിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഐ ഗ്രൂപ്പ് ഉന്നയിക്കാന്‍ ഒരുങ്ങുന്നത്. ഉപമുഖ്യമന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ നേരത്തെ ചെന്നിത്തല സന്നദ്ധനായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയതും എ ഗ്രൂപ്പ് നിര്‍ണായക വകുപ്പുകള്‍ വിട്ടുനല്‍കാതിരുന്നതുമാണ് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിന് മുന്നില്‍ നേരിട്ട് ഉന്നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ ഗ്രൂപ്പിന് മുന്നില്‍ ഇനി യാതൊരു വിട്ടുവീഴ്ചയും വേണ്‌ടെന്ന നിലപാടാണ് ചെന്നിത്തലയുമായി അടുപ്പമുള്ള പ്രമുഖ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഇഷ്ടമുള്ള ഏത് വകുപ്പും ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ആഭ്യന്തരം ഉള്‍പ്പെടെയുള്ള മര്‍മപ്രധാന വകുപ്പുകള്‍ വിട്ടു നല്‍കാന്‍ മടികാണിച്ച മുഖ്യമന്ത്രിയുടെ നിലപാട് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എ ഗ്രൂപ്പ് തന്നെ അപമാനിച്ചുവെന്ന പരാതിയുമായി ചെന്നിത്തല നേരിട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി ഐഗ്രൂപ്പ് ഒന്നാകെ രംഗത്തെത്തിയിരിക്കുന്നത്.