എവറസ്റ്റിന്റെ മഞ്ഞു കുപ്പായം അലിഞ്ഞില്ലാതാകുന്നു

single-img
17 May 2013

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ പുതഞ്ഞിരിക്കുന്ന മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ എവറസ്റ്റിലെ മഞ്ഞുപാളികളില്‍ 13 ശതമാനം കുറവുണ്ടായതായാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 1990 മുതല്‍ പ്രദേശത്തെ ഊഷ്മാവ് വര്‍ദ്ധിക്കുകയും മഞ്ഞു വീഴ്ചയില്‍ കുറവുണ്ടായെന്നും ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. മഞ്ഞിന്റെ സാന്നിദ്ധ്യം 180 മീറ്റര്‍ മുകളിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. ഇറ്റാലിയിലെ മിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ഗവേഷണം നടത്തുന്ന സുധീപ് തക്കുറി എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. വേഗത്തില്‍ മഞ്ഞുപാളികള്‍ അലിഞ്ഞുമാറുന്നതിനാല്‍ വര്‍ഷങ്ങളായി മറഞ്ഞു കിടന്ന പാറകളും മറ്റു അവശിഷ്ടങ്ങളും പുറത്ത് കാണാന്‍ കഴിയുന്ന അവസ്ഥയാണിപ്പോള്‍ . ഇത്തരം ഭാഗങ്ങള്‍ പുറത്തു കാണുന്നത് 1960 മുതല്‍ 17 ശതമാനം ആണ് വര്‍ദ്ധിച്ചത്. മഞ്ഞുപാളികളുടെ അതിരുകള്‍ ശരാശരി 400 മീറ്റര്‍ എന്ന കണക്കിലാണ് 1962 മുതല്‍ ഉള്‍വലിഞ്ഞത്. ഗ്രീന്‍ഗൗസ് വാതകങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ആഗോളതലത്തില്‍ ഉണ്ടാകുന്ന കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് എവറസ്റ്റിലെ മഞ്ഞുരുകല്‍ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്നാല്‍ കലാവസ്ഥ വ്യതിയാനവും മഞ്ഞുരുകലും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദീപ് തക്കുറി വ്യക്തമാക്കി. സാറ്റലൈറ്റ് ചിത്രങ്ങളും ടോപോഗ്രാഫിക് ഭൂപടങ്ങളും മഞ്ഞുപാളികളുടെ മുന്‍ ചരിത്രം പുനര്‍ നിര്‍മ്മിച്ചുമാണ് പഠനം നടത്തിയിരിക്കുന്നത്.