രണ്‍ബീറിന്റെ ഹൃദയം ആദ്യം തച്ചുടച്ചത് മാധുരി

single-img
16 May 2013

നിരവധി പെണ്‍കൊടികളുടെ ഹൃദയം തകര്‍ത്ത ചരിത്രമുള്ളയാളാണ് ബോളിവുഡിന്റെ ലൗവര്‍ ബോയ് രണ്‍ബീര്‍ കപൂര്‍ . ഇടക്കിടയ്ക്ക് രണ്‍ബീറിന്റെ ഹൃദയവും തകരാതിരുന്നില്ല. ജീവിതത്തില്‍ ആദ്യമായി പ്രണയം തോന്നിയ സ്ത്രീ തന്റെ ഹൃദയം തകര്‍ത്ത കഥ രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പതിനേഴുകാരന്‍ പയ്യനായിരുന്ന സമയത്ത് തന്റെ ഹൃദയം കവര്‍ന്ന അതേ ആള്‍ക്കൊപ്പം നൃത്തമാടുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. ബോളിവുഡിന്റെ റാണിയായി നിരവധിപ്പേരുടെ ഹൃദയം കവര്‍ന്ന ചരിത്രമുള്ള മാധുരി ദീക്ഷിത് ആണ് രണ്‍ബീറിന്റെ ആദ്യ പ്രണയിനിയത്രേ. മാധുരിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്‍ബീറിനെ ദുഖത്തിലാഴ്ത്തിയാണ് 1999 ല്‍ ശ്രീരാം നെനെയെ വിവാഹം കഴിച്ച് മാധുരി സിനിമാലോകം വിട്ടത്. ഒരു ഇടവേളയ്ക്ക് ശേഷം രണ്‍ബീറിന്റെ ഏറ്റവും പുതിയ സിനിമയായ യെ ജവാനി ഹെ ദിവാനിയിലെ ഒരു പാട്ടു സീനിലൂടെ മാധുരി ദീക്ഷിത് ബോളിവുഡില്‍ വീണ്ടും മുഖം കാണിക്കുകയാണ്. പാട്ടിനിടയില്‍ രണ്‍ബീര്‍ മാധുരിയുടെ കവിളില്‍ ചുംബിക്കുന്ന രംഗവുമുണ്ട്. ഇതിനായി സംവിധായകനും തന്റെ സുഹൃത്തുമായ അയാന്‍ മുഖര്‍ജിയ്ക്ക് പാട്ടിലാക്കിയതായും താരം വെളിപ്പെടുത്തി.

മാധുരിയെക്കുറിച്ച് പറയുമ്പോള്‍ രണ്‍ബീറിന് നൂറു നാവാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയ്തനവും സ്വന്തമാക്കിയ നേട്ടങ്ങളുമൊന്നും മാധുരി ദീക്ഷിതിനെ മാറ്റിയിട്ടില്ലെന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞു. ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ജോലിയോടുള്ള സ്‌നേഹവും കഴിവുമെല്ലാം ഇപ്പോഴും മാധുരിയ്‌ക്കൊപ്പമുണ്ട്. ജോലി ചെയ്യാന്‍ വേണ്ടി കൃത്യ സമയത്തു തന്നെ എത്തിച്ചേരുന്ന ഒരു വ്യക്തിയാണ് മാധുരി. മാധുരിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ശരിക്കും വിസ്മയകരമാണെന്നാണ് നിരവധി സുന്ദരിമാരുടെ ആരാധനാ കഥാപാത്രമായ രണ്‍ബീര്‍ പറയുന്നത്.
അവന്തിക മാലിക്, സോനം കപൂര്‍, നന്ദിത മഹ്താനി, ദീപിക പദുകോണ്‍, കത്രീന കൈഫ്, ഡയാന പെന്റി, അനുഷ്‌ക ശര്‍മ, എയ്ഞ്ചല ജോണ്‍സണ്‍ തുടങ്ങി ധാരാളം സുന്ദരിമാരുടെ പേരുകളുമായി ചേര്‍ത്ത് പ്രണയകഥകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടനാണ് രണ്‍ബീര്‍ . മുന്‍ കാമുകിയായ ദീപിക പദുകോണ്‍ ആണ് യെ ജവാനി ഹെ ദിവാനിയില്‍ രണ്‍ബീറിന്റെ നായിക. ചിത്രത്തിലെ മാധുരിയുമൊത്തുള്ള ഗാനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍ .മെയ് 31 ന് ചിത്രം തിയേറ്ററുകളിലെത്തും.