മിട്ടു ചന്ദ്‌ലിയ എയര്‍ ഏഷ്യ ഇന്ത്യയുടെ ആദ്യ സിഇഒ

single-img
16 May 2013

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ ഘടകത്തെ ചെന്നൈ സ്വദേശിയും മുന്‍ മോഡലും മിട്ടു ചന്ദ്‌ലിയ നയിക്കും. ഇക്കാര്യം എയര്‍ ഏഷ്യയുടെ സ്ഥാപകനും സിഇഒയുമായ ടോണി ഫെര്‍ണാണ്ടസ് ആണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. എയര്‍ ഏഷ്യ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മിട്ടു നിലവില്‍ സിംഗപ്പൂരില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ്. ജൂണ്‍ ഒന്നു മുതലാണ് 32 കാരനായ മിട്ടു ചുമതലയേറ്റെടുക്കുന്നത്.

ഇന്ത്യയില്‍ മുതല്‍ മുടക്കാനുള്ള എയര്‍ ഏഷ്യയുടെ അപേക്ഷ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ടാറ്റ സണ്‍സ് ലിമിറ്റഡുമായി ചേര്‍ന്ന് 80.98 കോടി രൂപയാണ് എയര്‍ ഏഷ്യ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ മുതല്‍മുടക്കുന്നത്. പദ്ധതിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ ഏഷ്യയ്ക്കും 30 ശതമാനം ടാറ്റ സണ്‍സിനും ബാക്കി വരുന്നത് ടെലസ്ട്ര ട്രേഡ്‌പ്ലെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും ആയിരിക്കും.