ഐപിഎല്ലില്‍ ഒത്തുകളി; ശ്രീശാന്ത് അറസ്റ്റില്‍

single-img
15 May 2013

121394_sreesanthഇന്ത്യന്‍ ക്രിക്കറ്റില്‍ മലയാളത്തിന്റെ അഭിമാനമായിരുന്ന ശ്രീശാന്ത് അടക്കം മൂന്നു രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ അറസ്റ്റില്‍. ഐപിഎല്ലില്‍ ഒത്തുകളിച്ചതായി ആരോപിച്ചാണ് ശ്രീശാന്തിനെയും സഹതാരങ്ങളെയും അറസ്റ്റ്് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഇടനിലക്കാരെ മുംബൈയില്‍നിന്നും മൂന്നു പേരെ ഡല്‍ഹിയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി വൈകി മുംബൈയില്‍നിന്നാണ് ഡല്‍ഹി പോലീസ് ക്രിക്കറ്റ് താരങ്ങളെ അറസ്റ്റ് ചെയ്തത്.

ശ്രീശാന്തിനു പുറമേ ഓള്‍റൗണ്ടര്‍ അജിത്ത് ചാന്ദിലയെയും ബാറ്റ്‌സ്മാന്‍ അങ്കിത് ചവാനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കളിക്കാരുടെയും വാതുവയ്പ്പുകാരുടെയും ടെലിഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതിനു ശേഷമാണ് പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡ് താരം ശില്‍പാ ഷെട്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥരില്‍ ഒരാള്‍. കഴിഞ്ഞ ദിവസം വാതുവയ്പ്പുകരില്‍ ഒരാളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ള കളിക്കാരിലേക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്‌റ്റെന്ന് പറയപ്പെടുന്നു. അറസ്റ്റിലായ വാതുവയ്പ്പുകാരില്‍നിന്ന് 90 മൊബൈല്‍ ഫോണുകളും 60,000 രൂപയും പിടിച്ചെടുത്തിരുന്നു. ഏതു കളിയിലാണ് ഒത്തുകളിച്ചതെന്ന് വ്യക്തമല്ല. ഈ സീസണിലെ മത്സരത്തിലാണ് ഒത്തുകളി നടന്നതെന്ന് പറയുന്നത്.