ബന്‍സലും അശ്വിനി കുമാറും പുറത്ത്

single-img
11 May 2013

വ്യത്യസ്ത വിവാദങ്ങളിലൂടെ സ്വയം കുഴി തോണ്ടുകയും കേന്ദ്ര സര്‍ക്കാരിന്റെ മുഖത്ത് കൂടുതല്‍ കരിവാരിത്തേയ്ക്കുകയും ചെയ്ത മന്ത്രിമാരായ പവന്‍ കുമാര്‍ ബന്‍സലും അശ്വിനി കുമാറും മന്ത്രിസഭയുടെ പടിക്കു പുറത്തായി. പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനനുസരിച്ച് ഇരുവരും രാജിക്കത്ത് നല്‍കി. റയില്‍വേ മന്ത്രിയായ ബന്‍സലിനു നേരെ ചൂണ്ടിയ ഗുരുതരമായ കൈക്കൂലി വിവാദമാണ് അദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചതെങ്കില്‍ കല്‍ക്കരിപ്പാടം അഴിമതിയുടെ സിബിഐ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ നടപടിയില്‍ സുപ്രീം കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന രൂക്ഷ വിമര്‍ശനമാണ് അശ്വിനി കുമാറിന് വിനയായത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിയെത്തി ചര്‍ച്ച നടത്തിയതിനൊടുവിലാണ് ഇരുവരുടെയും രാജിയുണ്ടായത്. രാജിക്കാര്യത്തില്‍ പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തുടക്കം മുതലേ മന്ത്രിമാരെ സംരക്ഷിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.

റെയില്‍വേ ബോര്‍ഡില്‍ അംഗമായ മഹേഷ് കുമാര്‍ ഉയര്‍ന്ന സ്ഥാനത്തേയ്ക്ക് മാറ്റം ലഭിക്കുന്നതിനായി ബന്‍സിന്റെ സഹോദരീ പുത്രനായ വിജയ് സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കുന്നതിനിടയില്‍ സിബിഐയുടെ പിടിയിലായതോടെയാണ് ബന്‍സലിനെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമായത്. ഇതിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ അഴിമതിയില്‍ ബന്‍സലിനും പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ ബന്‍സലിന്റെ രാജിയ്ക്കായി ഒരു വിഭാഗം മന്ത്രിമാര്‍ തന്നെ ആവശ്യമുന്നയിച്ചു.
നിയമ മന്ത്രിയായ അശ്വിനി കുമാര്‍ സിബിഐ ഉദ്യോഗസ്ഥരെ തന്റെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന സര്‍ക്കാരിനും മന്ത്രിയ്ക്കും എതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതാണ് അശ്വിനി കുമാറിന് പുറത്തേയ്ക്കുള്ള വഴിയായത്.
നിലവില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുതിയ റയില്‍വേ മന്ത്രിയാകുമെന്നാണ് വിവരം. നിയമവകുപ്പിന്റെ ചുമതല കപില്‍ സിബലിന് ലഭിക്കാനാണ് സാധ്യത.