സല്‍മാന്‍ ഖുര്‍ഷിദ് ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

single-img
10 May 2013

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങുമായി കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രധാനമന്ത്രി മെയ് 19 ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു മുന്നൊരുക്കമെന്ന നിലയിലാണ് ഖുര്‍ഷിദ് അദേഹത്തെ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ലി കെയ്വിങിന്റെ ആദ്യ വിദേശ യാത്രയാണ് ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രിയെക്കൂടാതെ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും മുന്‍ വിദേശകാര്യ മന്ത്രിയുമായ യാങ് ജെയ്ചിയുമായി കൂടിക്കാഴ്ച നടത്തും. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയുടെ പ്രത്യേക പ്രതിനിധിയാണ് ജെയ്ചി.

സല്‍മാന്‍ ഖുര്‍ഷിദ് വ്യാഴാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും സംസാരിച്ചു. അടുത്തിടെ ഉണ്ടായ അതിര്‍ത്തി പ്രശ്‌നങ്ങള്‍ മുതല്‍ ഇരു രാജ്യങ്ങളും ഉള്‍പ്പെടുന്ന വ്യാപാരം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. മൂന്നാഴ്ചയോളം നീണ്ട അതിര്‍ത്തി കൈയേറ്റ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ അവസാനമുണ്ടായതില്‍ ഖുര്‍ഷിദ് സംതൃപ്തി പ്രകടിപ്പിച്ചു. കൈയേറ്റം സംബന്ധിച്ച് താന്‍ ചൈനീസ് അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലന്നും ഇപ്പോഴത്തെ അവസ്ഥയില്‍ കുറ്റമാരുടേതെന്ന കാര്യത്തില്‍ പങ്കിട്ടെടുക്കല്‍ നടത്തുന്നതു കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഖുര്‍ഷിദിന്റെ ദ്വിദിന ചൈനാ സന്ദര്‍ശനം വെള്ളിയാഴ്ച അവസാനിക്കും.