പോസ്‌കോയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി

single-img
10 May 2013

ന്യൂഡല്‍ഹി : ഒഡീഷയിലെ കന്ധമാലില്‍ കൊറിയന്‍ കമ്പനിയായ പോസ്‌കോയ്ക്ക് ഖനനാനുമതി നിഷേധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കി. പോസ്‌കോയ്ക്ക് ഇരുമ്പയിര്‍ ഖനനം നടത്തുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഖനനം നടത്തുന്നതിന് ഒഡിഷ സര്‍ക്കാര്‍ പോസ്‌കോയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ജിയോളജിക്കല്‍ മിനറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സര്‍വീസ് ഹൈക്കോടതിയെ സമീപിക്കുകയും 2010 ല്‍ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. മറ്റു കമ്പനികളെ മറികടന്നാണ് പോസ്‌കോയ്ക്ക് അനുമതി നല്‍കിയതെന്നാണ് കോടതി കണ്ടെത്തിയത്. ഇതിനെതിരെ ഒഡിഷ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് പോസ്‌കോ കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.

പ്രദേശത്ത് ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തെ അവഗണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി നടക്കുന്ന സമരം കാരണം കന്ധമാലില്‍ ഒരു പ്രവര്‍ത്തനവും നടത്താന്‍ പോസ്‌കോയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.