ആളുമാറി രക്തം കയറ്റി ; രോഗി മരിച്ചു

single-img
10 May 2013

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളു മാറി രക്തം കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ താഴത്ത് മോഹന്‍ദാസിന്റെ ഭാര്യ തങ്കം (61) ആണ് മരിച്ചത്. രോഗിയെ പരിചരിച്ച നഴ്‌സിനു പറ്റിയ പിഴവാണ് മരണത്തിനു കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതാണ് വിവരം. വീട്ടമ്മയെ പ്രവേശിപ്പിച്ചിരുന്നതിന്റെ അടുത്ത വാര്‍ഡില്‍ തങ്കമ്മ എന്ന പേരുള്ള മറ്റൊരു സ്ത്രീയ്ക്ക് നല്‍കേണ്ടിയിരുന്ന രക്തമാണ് ആളുമാറി നല്‍കിയത്.

ഉദരരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തങ്കം. രോഗം ഭേദമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രി വിടാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് രക്തം കയറ്റിയത്. രക്തം യഥാര്‍ഥത്തില്‍ നല്‍കേണ്ടിയിരുന്ന രോഗിയ്ക്ക് രക്തം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പരാതി പറയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളുമാറിയത് ബോധ്യപ്പെട്ടത്. എന്നാല്‍ അപ്പോഴേയ്ക്കും തങ്കത്തിന്റെ നില വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അര്‍ദ്ധ രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി അധികൃതര്‍ സമ്മതിച്ചു. സംഭവത്തിലുള്‍പ്പെട്ട നഴ്‌സിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. പ്രത്യേക സമിതി സംഭവത്തെ കുറിച്ച് അന്വേഷിക്കും.