Latest News

കൂട്ടിലടക്കപ്പെട്ട തത്തയെ തുറന്നു വീടൂ ഇല്ലെങ്കില്‍ പരമോന്നത നീതിപീഠം ഇടപെടും

കൂട്ടില്‍ കിടക്കുകയാണ് തത്ത. അതിന് യജമാനന്റെ സ്വരത്തില്‍ സംസാരിക്കാന്‍ മാത്രമേ കഴിയുന്നുള്ളു. അടുത്തിടെ തത്ത സമര്‍പ്പിച്ച സത്യങ്ങള്‍ കണ്ടാലറിയാം ഒന്നിലധികം മേലാളന്‍മാരുടെ കൈപ്പിടിയിലാണ് അതെന്ന്. തത്തയെ സ്വതന്ത്രമാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നടപടിയെടുത്തില്ലെങ്കില്‍ നീതിദേവതയ്ക്ക് അവതരിക്കേണ്ടി വരും, തത്തയുടെ മോചനത്തിനായി.

ഇവിടെ തത്ത ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന സിബിഐയും യജമാനന്‍ ഭരണതലത്തിലെ മേലാളന്‍മാരുമാണ്. വര്‍ഷങ്ങള്‍ നീണ്ട സിബിഐയുടെ അടിമത്വത്തിന് അറുതി വരുത്തണമെന്ന് ശക്തിയുക്തം വാദിക്കുന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയും. ഇത് സുപ്രീം കോടതിയുടെ തന്നെ വാക്കുകള്‍ .

കല്‍ക്കരിപ്പാട കുംഭകോണത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാരിനു ഏറ്റവും രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനമാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചത്. അന്വേഷണ ഏജന്‍സിയായ സിബിഐയെ ഭരണനേതൃത്വത്തിന്റെ ചങ്ങലയില്‍ നിന്ന് രക്ഷിക്കാന്‍ നിയമനിര്‍മ്മാണം ഉണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയ്ക്കു തന്നെ ഇടപെടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. ഒരു കേന്ദ്ര മന്ത്രിയ്ക്ക് സിബിഐയിലല്‍ നിന്ന് റിപ്പോര്‍ട്ട് തേടാവുന്നതാണ്. എന്നാല്‍ അവരുടെ അന്വേഷണത്തില്‍ ഇടപെടാനോ സ്വാധീനം ചെലുത്താനോ മന്ത്രിയ്ക്ക് അധികാരമില്ല. കോടതി പറഞ്ഞു.സിബിഐ ഭരണതലത്തിലുളളവരുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ കഴിയുന്നതെങ്ങനെയാണെന്ന് കോടതി ചോദിച്ചു. സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതില്‍ ദുഖമുണ്ട്. സിബിഐ ചെയ്യുന്നത് കൂട്ടുപ്രവര്‍ത്തനം മാത്രമാണ.് അന്വേഷണം നടത്തി സത്യം കണ്ടെത്തുകയാണ് സിബിഐയുടെ ജോലിയെന്നും അല്ലാതെ ഉദ്യോഗസ്ഥരുമായും മറ്റും ചര്‍ച്ച നടത്തുകയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് സിബിഐ ഓഫീസില്‍ എന്താണ് കാര്യമെന്നും സുപ്രീം കോടതി തിരക്കി.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിനീത് നാരായണ്‍ കേസിന്റെ വിധിയില്‍ സിബിഐയ്ക്ക് സ്വതന്ത്രമാകാനുള്ള അവസരം സുപ്രീം കോടതി നല്‍കിയിട്ടും സ്ഥിതി അതിലും മോശമാകുകയാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ‘സിബിഐ എന്നാല്‍ സഹകരണ മനോഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ആണോ അതോ അന്വേഷണം നടത്തുന്ന ഏജന്‍സിയാണോ ? ജസ്‌ററിസ് ആര്‍.എം.ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചോദിച്ചു.
അറ്റോര്‍ണി ജനറല്‍ വഹന്‍വതിയെയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ താന്‍ റിപ്പോര്‍ട്ട് ചോദിക്കുകയോ അതില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ലെന്ന് വഹന്‍വതി കോടതിയില്‍ പറഞ്ഞു. നിയമന്ത്രി അശ്വിനി കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ ഉദ്യോഗസ്ഥരെ കണ്ടതെന്നും പറഞ്ഞ് വഹന്‍വതി കൈകഴുകുന്നതിനും കോടതി സാക്ഷിയായി.
കല്‍ക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറും ചില ഉദ്യോഗസ്ഥരും കാണുകയും റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തതായും ഇതനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കൈയിലെ ചട്ടുകമായി അറിയപ്പെട്ട സിബിഐയുടെ ഭാഗത്തു നിന്നുണ്ടായ നടപടി കേന്ദ്ര സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വെട്ടിലാക്കിയിരിക്കുന്നത്. വ്യക്തമായ നീക്കങ്ങളിലൂടെ സിബിഐ ഡയറക്ടര്‍ തന്നെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം വരെ കാര്യങ്ങള്‍ എത്തിച്ചത്. നിയമന്ത്രി അന്വേഷണ റിപ്പോര്‍ട്ട് കാണാന്‍ ആവശ്യപ്പെട്ടതും അതനുസരിച്ച് മന്ത്രിയെ റിപ്പോര്‍ട്ട് കാണിച്ചതുമായ കാര്യങ്ങള്‍ സുപ്രീം കോടതിയ്ക്കു മുന്നിലെത്തിയാല്‍ തെളിയിക്കാന്‍ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ആവശ്യമായ മുന്‍കരുതലുകളും സിബിഐ എടുത്തിരുന്നു. ഭരണതലത്തിന്റെ മുന്നില്‍ ഓച്ഛാനിച്ചു നിന്ന് മടുത്ത്, സ്വതന്ത്രമാകുക എന്ന ലക്ഷ്യത്തോടെയാണ് അത്തരം ഒരു നടപടിയുണ്ടായതെങ്കില്‍ നിലവില്‍ സിബിഐ വിജയത്തോടടുക്കുകയാണ്.