കര്‍ണാടക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക്

single-img
8 May 2013

കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകള്‍ അനുസരിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നേടുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറാനാണ് സാധ്യത. ആകെയുള്ള 224 സീറ്റില്‍ 117 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡു ചെയ്യുകയാണ്. കോണ്‍ഗ്രസിനു തൊട്ടു പിന്നില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡു ചെയ്യുന്നത് ജനതാദള്‍ സെക്യുലര്‍ ആണ്. അഞ്ചു വര്‍ഷം പ്രതിസന്ധികള്‍ മാത്രം നിറഞ്ഞ ഒരു ഭരണം കര്‍ണാടകയ്ക്ക് സമ്മാനിച്ച ബിജെപി ചിത്രത്തിലേ ഇല്ല. 223 സീറ്റുകളില്‍ മത്സരിച്ച ജനതാദള്‍(എസ്) 42 സീറ്റുകളില്‍ ലീഡു ചെയ്യുമ്പോള്‍ വെറും 35 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ മുഖം രക്ഷിക്കാനായി ലീഡ് ഉള്ളത്. ബിജെപിയില്‍ നിന്ന് പടിയിറങ്ങിയ മുന്‍മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി (കെജെപി) 11 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

നിലവിലുള്ള ലീഡ് അവസാന ഫലങ്ങളില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദള്‍ സെക്യുലറുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേ പോലെയാണ് തങ്ങള്‍ നേരിട്ടതെന്നും പ്രതിപക്ഷത്തായിരിക്കും ഇരിക്കുകയെന്നും ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.
യെദിയൂരപ്പ അകന്നത് ബിജെപിയുടെ വോട്ട്ബാങ്കിനെ തകര്‍ത്തുവെങ്കിലും ആ വോട്ട് തന്റെ പാര്‍ട്ടിയിലേയ്ക്ക് മുതല്‍ക്കൂട്ടാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. 2007 ല്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകള്‍ ഒറ്റയ്ക്കു നേടുകയും സ്വതന്ത്ര കക്ഷികളുടെയും മറ്റും സഹായത്തോടെ ദക്ഷിണേന്ത്യയില്‍ ആദ്യ ബിജെപി സര്‍ക്കാരിനു രൂപം നല്‍കുകയും ചെയ്ത പാര്‍ട്ടി ഇത്തവണ പ്രതീക്ഷിച്ചതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി 80 സീറ്റുകള്‍ പ്രതീക്ഷിച്ച സ്ഥാനത്ത് വെറും 35 സീറ്റുകളില്‍ മാത്രമുള്ള ലീഡ് സംസ്ഥാനത്തെ ബിജെപിയുടെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ബിജെപിയിലെ പിളര്‍പ്പാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നേട്ടമായതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.