കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചു

single-img
8 May 2013

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഉജ്വല വിജയം. ആകെയുള്ള 224 സീററില്‍ 120 സീറ്റിലും ലീഡ് ചെയ്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് കോണ്‍ഗ്രസ് കന്നടനാട്ടില്‍ വവെന്നിക്കൊടി പാറിച്ചത്. കോണ്‍ഗ്രസിനു പുറകില്‍ ജനതാദള്‍ സെക്യുലര്‍ രണ്ടാമതെത്തിയപ്പോള്‍ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് കര്‍ണാടക ജനത ബിജെപിയെ എത്രമാത്രം വെറുത്തു എന്നതും ഫലം കാണിച്ചു തന്നു. നാല്‍പ്പതു സീറ്റുകളിലാണ് ജനതാദള്‍ മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിയും അത്രതന്നെ സീറ്റുകളില്‍ ലീഡു ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അവര്‍ ചിത്രത്തിലേ ഇല്ല എന്നതാണ് വാസ്തവം.

സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അതത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി സിദ്ധരാമയ്യെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മറ്റു ചില നേതാക്കളുടെ പേര് ഉയര്‍ന്നു വരാനും സാധ്യതയുണ്ട്. നിലവില്‍ കര്‍ണടാകയിലെ പ്രതിപക്ഷ നേതാവാണ് സിദ്ധരാമയ്യ. മുന്‍പ് ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.