ഷാരൂഖിനെ വാങ്കഡെയുടെ പടികയറ്റില്ല

single-img
7 May 2013

വാങ്കഡെയുടെ പടികയറാമെന്ന് ഷാരൂഖ് വ്യാമോഹിക്കേണ്ട  ,കയറ്റില്ല. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന്റെ ഫലം ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). ചൊവ്വാഴ്ച ഷാരൂഖിന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ വാങ്കഡെയില്‍ കിംഗ് ഖാന്‍ കാലുകുത്തില്ല എന്നു ഉറപ്പാക്കാന്‍ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു എംസിഎ അധികൃതര്‍. ഷാരൂഖ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് എന്ത് വിലകൊടുത്തും തടയണമെന്നാവശ്യപ്പെട്ട് മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലേയ്ക്ക് എംസിഎ കത്തയച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ഒരു മത്സരത്തിന്റെ അവസാനം സ്റ്റേഡിയം നിയമങ്ങളെ തെറ്റിച്ചുകൊണ്ട് ഗ്രൗണ്ടിലിറങ്ങാന്‍ ശ്രമിച്ച ഷാരൂറിന്റെ ഇളയ മകള്‍ സുഹാനയെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മകളെ പിടിച്ചു മാറ്റി എന്നാരോപിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥനോടും ബിസിസിഐ പ്രതിനിധികളോടും ഷാരൂഖ് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ കയറുന്നതില്‍ നിന്ന് ഷാരൂഖിനെ അഞ്ചു വര്‍ഷം വിലക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ മോശം പെരുമാറ്റത്തിന് ഷാരൂഖ് മാപ്പു പറഞ്ഞെങ്കിലും എന്നാല്‍ വിലക്കു നീക്കാന്‍ എംസിഎ തയ്യാറായില്ല. അതേസമയം ാരൂഖ് ഇതുവരെ നേരിട്ട് എംസിഎ അധികൃതരോട് മാപ്പു പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ ചൊവ്വാഴ്ച നടക്കുന്ന മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്താന്‍ ഷാരൂഖിനെ അനുവദിക്കുമെന്നാണ് എംസിഎ പറയുന്നത്. എന്നാല്‍ ഷാരൂഖ് പരസ്യമായും തന്റെ പെരുമാറ്റത്തിന് മാപ്പു പറയുകയും ആവശ്യമെങ്കില്‍ മുഖം മൂടി ധരിച്ച് കളികാണാന്‍ എത്തുമെന്ന്് തമാശയായി പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഷാരൂഖിനെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എംസിഎ.