മോഹന്‍ലാലിന്റെ മകളായി നിവേദ ജില്ലയില്‍

single-img
7 May 2013

മലയാളത്തിലെയും തമിഴിലെയും രണ്ടു സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ അവരിലൊരാളുടെ മകളായും മറ്റേ ആളുടെ സഹോദരിയാകാനും അഭിനയിക്കാന്‍ കഴിയുക , യുവ നടി നിവേദ തോമസ്‌ ശരിക്കും ത്രില്ലിലാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഇളയദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രമായ ‘ജില്ല’ യിലേയ്ക്ക് ക്ഷണം കിട്ടുമ്പോള്‍ എങ്ങനെ ത്രില്ലടിക്കാതിരിക്കും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളും വിജയുടെ സഹോദരിയുമായ കഥാപാത്രമാണ് നിവേദയ്ക്ക് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പ്രണയത്തില്‍ അഭിനയിച്ചെങ്കിലും കോംപിനേഷന്‍ സീനുകള്‍ ഇല്ലാതിരുന്നതിന്റെ വിഷമം ജില്ലയിലൂടെ മാറുമെന്നാണ് യുവനടി പറയുന്നത്. വിജയിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും നിവേദ മറച്ചുവയ്ക്കുന്നില്ല. ‘രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന റോള്‍ ചെയ്യാന്‍ കഴിയുക എന്നത് ശരിക്കും വലിയ കാര്യമാണ്. വളരെ പ്രധാനപ്പെട്ട ഒരു റോളാണ് സംവിധായകന്‍ നേശന്‍ എനിക്ക് നല്‍കിയിരിക്കുന്നത്. സ്വന്തം സഹോദരന്റെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടു വരുന്ന ധൈര്യശാലിയായ ഒരു പെണ്‍കുട്ടിയെ ആണ് ഞാന്‍ അവതരിപ്പിക്കുന്നത്. ‘ നിവേദ പറഞ്ഞു.

മലയാളത്തില്‍ ഇതിനകം ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിവേദ തമിഴ്‌നാട്ടിനും പ്രിയ നടിയാണ്. കുരുവി എന്ന ചിത്രത്തിലൂടെ വിജയുടെ സഹോദരിയായി തന്നെയായിരുന്നു തമിഴിലെ അരങ്ങേറ്റം. 2011 ല്‍ പുറത്തിറങ്ങിയ പോരാളിയാണ് തമിഴില്‍ നിവേദയെ കൂടുതല്‍ പ്രശസ്തയാക്കിയത്.