വധശിക്ഷ പുന:പരിശോധിക്കാന്‍ ഭുള്ളര്‍ അപ്പീല്‍ നല്‍കി

single-img
7 May 2013

വധശിക്ഷാ വിധി പുന:പരിശോധിക്കണമെന്നഭ്യര്‍ഥിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ദേവേന്ദ്ര സിങ് ഭുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ചു. 1993 ല്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്‌ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച ഭുള്ളറിനു വേണ്ടി ഭാര്യ നവ്‌നീത് ഭുള്ളര്‍ ആണ് കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ വൈകിയത് കൊണ്ട് വധശിക്ഷ റദ്ധാക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ വിധി പുന:പരിശോധിക്കണമെന്നാണ് ആവശ്യം.

ഖാലിസ്ഖാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തകനായ ദേവേന്ദ്ര ഭുള്ളര്‍ പ്രതിയായ 1993 സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റിലായ ഭുള്ളറിന് 2001 ഓഗസ്റ്റില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2002 ല്‍ ഡല്‍ഹി ഹൈക്കോടതി വിചാരണക്കോടതി വിധി ശരിവച്ചു. ഇതിനെതിരെ ഭുള്ളര്‍ അപെക്‌സ് കോടതിയെ സമീപിച്ചെങ്കിലും അവിടെയും അനുകൂല വിധിയുണ്ടായില്ല. വീണ്ടും പുനപരിശോധനാ ഹര്‍ജികളുമായി കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടര്‍ന്ന് 2003 ജനുവരി 14 ന് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 2011 മെയ് 14 നാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദയാഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. ദയാഹര്‍ജി പരിഗണിക്കുന്നതിലുണ്ടായ കാലതാമസം ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായി. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് കൊണ്ട് വധശിക്ഷ റദ്ധാക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ മെയ് ഒന്നിന് ഇതേ കാര്യം ചൂണ്ടിക്കാണിച്ച എം.എന്‍ .ദാസ് എന്ന കുറ്റവാളിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ധാക്കി നല്‍കി. ഇയാളുടെയും വധശിക്ഷ പ്രതിഭ പാട്ടീല്‍ തള്ളിയിരുന്നു. ദയാഹര്‍ജി സമര്‍പ്പിച്ച് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു പ്രസിഡന്റിന്റെ വിധി.
ദേവേന്ദ്ര സിങ് ഭുള്ളര്‍ ഇതിനകം 18 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ജീവപര്യന്തം തടവിനു തുല്യമായ ശിക്ഷ അനുഭവിച്ച ഒരാള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഇരട്ട ശിക്ഷയാകുമെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഭുള്ളറിന്റെ ഭാര്യ ചൂണ്ടിക്കാട്ടുന്നത്.