മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തെ പിന്തുടര്‍ന്നെന്നാരോപിച്ച് ആസിഫ് അലിയെ പോലീസ് തടഞ്ഞു

single-img
7 May 2013

മന്ത്രി പി.കെ.ജയലക്ഷ്മിയുടെ വാഹനത്തിനെ പിന്തുടര്‍ന്നെന്നാരോപിച്ച് നടന്‍ ആസിഫ് അലിയെ പോലീസ് തടഞ്ഞു. തിങ്കളാഴ്ച മലപ്പുറം ജില്ലയില്‍ രാമനാട്ടുകരയ്ക്ക് സമീപത്തുവച്ചാണ് സംഭവം നടന്നത്. മന്ത്രിയുടെ കാറിനു പുറകെ ലൈറ്റിട്ട കാറില്‍ പാഞ്ഞതാണ് നടനു പുലിവാലായത്. ആസിഫിന്റെ ബിഎംഡബ്ലു കാറിന്റെ ഫോഗ് ലൈറ്റാണ് കത്തിക്കിടന്നത്. ലൈറ്റ് കത്തിച്ച് ഒരു കാര്‍ മന്ത്രിയുടെ വാഹനത്തിന് പിന്നാലെ വരുന്നത് കണ്ട് പൈലറ്റ് വാഹനത്തിലെ പോലീസുകാര്‍ ഹൈവേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ആസിഫിന്റെ വാഹനം തടഞ്ഞ് ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനൊപ്പം ഓണ്‍ ആകുന്ന ഫോഗ് ലൈറ്റ് ഓഫ് ചെയ്യാന്‍ കഴിയില്ല. യാത്ര തുടര്‍ന്ന ആസിഫിന്റെ കാര്‍ മന്ത്രി സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ വീണ്ടും ചെന്നു പെട്ടതോടെ പോലീസുകാര്‍ പാഞ്ഞെത്തി. ലൈറ്റ് എന്‍ജിനൊപ്പം കത്തുന്നതാണെന്ന് പറഞ്ഞിട്ടും നടനോട് തര്‍ക്കത്തിലേര്‍പ്പെട്ട പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി സിഐ ഓഫീസില്‍ എത്തിച്ചു. സിഐയോട് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് മുക്കാല്‍ മണിക്കൂറിനു ശേഷം നടന് പോകാനായത്. സിഐ നല്‍കിയ ഇളനീരും കുടിച്ച് യാത്ര പറയുമ്പോഴേക്കും കേരളാ പോലീസിന്റെ തനിസ്വഭാവം അടുത്തറിയാനും ആസിഫിനു കഴിഞ്ഞു. കോഴിക്കോട് വിവാഹം ക്ഷണിക്കുന്നതിനായി പോയ ആസിഫ് കൊച്ചിയിലേയ്ക്ക് മടങ്ങുകയായിരുന്നു. ആസിഫിനൊപ്പം ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്.