ടി.പി.വധം : സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ആര്‍എംപി കോടതിയിലേയ്ക്ക്

single-img
6 May 2013

ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഉന്നതതല ഗൂഡാലോചന പുറത്തുകൊണ്ടുവരാനായി സിബിഐ അന്വേഷണം നടത്തണമെന്ന് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി). ഈ ആവശ്യം ഉന്നയിച്ച് ആര്‍എംപി കേടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ ആര്‍എംപി നിയമോപദേശം തേടിയതായി ടി.പി.യുടെ ഭാര്യ കെ.കെ.രമ അറിയിച്ചു. നിലവിലെ അന്വേഷണത്തില്‍ അതൃപ്തിയില്ല. എന്നാല്‍ കേസില്‍ സാക്ഷികളെ ചേര്‍ത്തതില്‍ അപാകത വന്നിട്ടുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പോലുള്ളവരെ സാക്ഷികളാക്കിയത് കൂറുമാറ്റത്തിനു കാരണമായതായി രമ ചൂണ്ടിക്കാട്ടി.

ടി.പി.വധക്കേസില്‍ രാഷ്ട്രീയ ലാഭം മാത്രം നോട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് രമ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് നിരവധി തവണ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും നിവേദനം നല്‍കി ആവശ്യപ്പെട്ടതാണ്. കൂടാതെ പലപ്പോഴും പരസ്യമായും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ തീരുമാനം ഇതുവരെ ഉണ്ടായില്ല. ഇതിനാലാണ് പാര്‍ട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.