ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയ്‌ക്കെതിരെ നടപടി

single-img
6 May 2013

ബേബി പൗഡര്‍ നിര്‍മ്മാണ വേളയില്‍ ശുദ്ധീകരണം നടത്തുന്നതിനായി കാന്‍സറിനു കാരണമാകുന്ന രാസവസ്തും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കുഞ്ഞുങ്ങളുടെ മൃദുല മേനിയ്ക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനെതിരെ നടപടി. എഥിലിന്‍ ഓക്‌സൈഡ് എന്ന വിഷപദാര്‍ഥമാണ് പൗഡറിലെ ബാക്ടീരീയയെ നശിപ്പിക്കുന്നതിനായി ഉപയോഗിച്ചതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കമ്പനിയുടെ മുംബൈ മുളുന്ദിലുള്ള പ്ലാന്റിന്റെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് റദ്ധാക്കി. മാരക കാന്‍സറിനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകാവുന്ന പദാര്‍ഥമാണ് എഥിലീന്‍ ഓക്‌സൈഡ്.

വ്യാവസായിക രാസപദാര്‍ഥങ്ങളില്‍ ഘടകമായും മെഡിക്കല്‍ ഉപകരണങ്ങള്‍ ശുദ്ധീകരിക്കുന്നതിനുമാണ് സാധാരണയായി എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിക്കുന്നത്. ഈ രാസവസ്തു ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിന്റെ അംശം ഉല്‍പ്പന്നങ്ങളില്‍ ഇല്ല എന്ന് ഉറപ്പു വരുത്താനുള്ള പ്രത്യേകത പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മുളുന്ദ് പ്ലാന്റില്‍ ബേബി പൗഡര്‍ ശുദ്ധീകരിക്കാന്‍ എഥിലീന്‍ ഓക്‌സൈഡ് ഉപയോഗപ്പെടുത്തുന്നതല്ലാതെ ശേഷമുള്ള പരിശോധനകള്‍ കമ്പനി നടത്താറില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
പ്രശ്‌ന പരിഹാരത്തിനു ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. 2007 ല്‍ കുറച്ച് കാലത്തേയ്ക്ക് മാത്രമാണ് എഥിലീന്‍ ഓക്‌സൈഡ് ഉപയോഗിച്ചതെന്നും നീരാവി കൊണ്ടാണ് ബേബി പൗഡര്‍ ശുദ്ധീകരിക്കുന്നതെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം.