സിബിഐ ‘സത്യസന്ധമായ’ സത്യവാങ്മൂലം സമര്‍പ്പിച്ചു

single-img
6 May 2013

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു അന്വേഷണ ഏജന്‍സി, തങ്ങള്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഭരണതലത്തില്‍ തിരുത്തി എന്ന് സുപ്രീം കോടതിയെ അറിയിച്ചു. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാര്‍ നേരിട്ട് ഇടപെട്ട് തിരുത്തിയെന്നാണ് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഈ കേസില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ഓരോ ഇടപെടലിന്റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് തിരുത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും കഴിഞ്ഞ ഹിയറിങ്ങില്‍ രൂക്ഷമായ വിമര്‍ശനമാണ് പരമോന്നത കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ സംബന്ധിച്ചും വിശദമായ സത്യസന്ധമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍ .എം . ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ചിനു മുന്നിലാണ് ഒന്‍പതു പേജുള്ള സത്യവാങ്മൂലം സിബിഐ സമര്‍പ്പിച്ചത്.

പുതിയ സത്യവാങ്മൂലത്തില്‍ നിയമമന്ത്രി അശ്വിനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ടിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് തിരുത്തല്‍ ആവശ്യപ്പെട്ടതെന്നും ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഇടപെട്ടതെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി റിപ്പോര്‍ട്ട് നാലു തവണ കണ്ടിരുന്നതായും ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും സത്യവാങ്മൂലത്തില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ ചിലഭാഗങ്ങള്‍ മാറ്റുകയും ചെയ്തു. ഇതിന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീം കോടതിയോട് മാപ്പു ചോദിച്ചു.
സിബിഐ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ കേന്ദ്ര സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലായി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ട നിയമമന്ത്രി അശ്വിനി കുമാര്‍ രാജിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഇനിയും വിമര്‍ശനം ഉന്നയിക്കുമെന്നിരിക്കെ അശ്വിനി കുമാറിനൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും യുപിഎ സര്‍ക്കാരിന്റെയും ഭാവി തുലാസിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട കല്‍ക്കരിപ്പാടം വിതരണത്തിലാണ് അഴിമതി നടന്നത്. ഇതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് ശക്തമായ ഇടപെടല്‍ നടന്നതെന്ന് വ്യക്തം. അഴിമതി നടത്തുക, കൂട്ടു നില്‍ക്കുക എന്നീ കാര്യങ്ങള്‍ക്ക് പുറമെ അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുക എന്ന ഗുരുതരമായ കുറ്റമാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പേരില്‍ ആരോപിക്കപ്പെടുന്നത്. എല്ലാ തെളിവുകളും ഇത് ശരിവയ്ക്കുന്നു. അസാധാരണമാം വിധം സിബിഐ ഇക്കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തിയതാണ് മന്‍മോഹന്‍ സിങിനെയും കൂട്ടരെയും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.