കൊച്ചിയില്‍ കുടിവെള്ള വിതരണ ടാങ്കറുകളില്‍ ഒരു വിഭാഗം പണിമുടക്കില്‍

single-img
5 May 2013

കൊച്ചി നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളില്‍ ഒരു വിഭാഗം അനിശ്ചിതകാലത്തേയ്‌ക്ക്‌ പണിമുടക്കുന്നു. പോലീസിന്റെയും ഫുഡ്‌ സേഫ്‌റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കുക, ജലവിതരണത്തിനായി ജലസ്രോതസുകള്‍ തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം നടത്തുന്നത്‌. എറണാകുളം ജില്ലയില്‍ നാനൂറോളം ടാങ്കറുകളാണ്‌ സമരത്തില്‍ പങ്കെടുക്കുന്നത്‌.
നഗരത്തില്‍ പൈപ്പിടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും കുടിവെള്ളം വിതരണം മുടങ്ങുമന്ന്‌ വാട്ടര്‍ അതോറിറ്റിയും അറിയിച്ചിരിക്കുകയാണ്‌. ഇത്‌ സ്ഥിതി കൂടുതല്‍ മോശമാക്കും. കൊച്ചി നഗരത്തില്‍ ആവശ്യമായ 130 ദശലക്ഷം ലിറ്റര്‍ അധിക ജലം വിതരണം ചെയ്യാനുള്ള ശേഷി ഇല്ലെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. ആകെ 390 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്‌ കൊച്ചി നഗരത്തിന്‌ ആവശ്യം. നിലവില്‍ 240 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ആലുവ ശുദ്ധജല പദ്ധതി വഴി കൊച്ചിയിലെത്തിക്കുന്നത്‌.