സിന്ധു നേടി

single-img
5 May 2013

ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് വനിത സിംഗിള്‍സ് കിരീടം. സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനെയാണ് സിന്ധു ഫൈനലില്‍ തറപറ്റിച്ചത്. സ്‌കോര്‍ 21-17,17-21,21-19.

സിന്ധു നേടുന്ന ആദ്യ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കിരീടമാണിത്. തുല്യ ശക്തികളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച ഫൈനലില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഹൈദരാബാദുകാരിയായ സിന്ധു കിരീടം പിടിച്ചെടുത്തത്. ആദ്യ സെറ്റ് നേടി മത്സരം സ്വന്തമാക്കാന്‍ കുതിച്ച സിന്ധുവിന് രണ്ടാം സെറ്റില്‍ അടിപതറി. ശക്തമായി തിരിച്ചുവന്ന എതിരാളി സെറ്റ് നേടിയതോടെ മത്സരം കൈവിട്ടു പോകുമെന്ന് ആശങ്ക ഉയര്‍ന്നെങ്കിലും ഇന്ത്യയുടെ കൗമാരതാരം വാശിയോടെ തിരികെയെത്തി. അതോടെ നിര്‍ണായകമായ അവസാന സെറ്റും മത്സരവും കിരീടവും സിന്ധു സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ടോപ് സീഡ് ആയെത്തിയ സിന്ധു മടങ്ങുന്നത് 120,000 ഡോളര്‍ സമ്മാനവുമായാണ്. പതിനേഴാം വയസ്സില്‍ ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്തെത്തിയ സിന്ധു ഇന്ത്യയുടെ ഭാവി ബാഗ്ദാനമാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു. മലേഷ്യന്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് നേടിയതോടെ ലോക റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ സിന്ധു എത്തുമെന്നും ഉറപ്പായി.