അനന്തരവന്‍ അഴിമതിക്കുരുക്കില്‍ ; ബന്‍സലിനു തലവേദന

single-img
4 May 2013

കേന്ദ്ര റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിനെ വെട്ടിലാക്കിക്കൊണ്ട് അനന്തരവന്‍ വിജയ് സിംഗ്ലയെ കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. മികച്ച തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി റയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് മന്ത്രിയുടെ അനന്തരവനെ അറസ്റ്റ് ചെയ്തത്. ഇത് റയില്‍വേ മന്ത്രിയായ ബന്‍സലിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. തനിക്ക് അനന്തരവന്റെ അഴിമതികളുമായി യാതൊരു ബന്ധവുമില്ലെന്നും അയാളുമായി യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും പവന്‍ കുമാര്‍ ബന്‍സല്‍ പ്രതികരിച്ചു. പൊതുജീവിതത്തില്‍ എക്കാലവും സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. ഇക്കാര്യത്തില്‍ യാതൊരു കൃത്യവിലോപവും നടത്തിയിട്ടില്ല. സഹോദരിയുടെ മകനാണ് കേസില്‍ അറസ്റ്റിലായതെങ്കിലും അതില്‍ തനിക്കൊരു ഉത്തരവാദിത്വവും ഇല്ല.- ബന്‍സല്‍ പറഞ്ഞു. സിബിഐ നടത്തുന്ന അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയായി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് താനെന്നും മന്ത്രി വ്യക്തമാക്കി.

കൈക്കൂലി വിവാദം പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബന്‍സലിനോട് ആവശ്യപ്പെട്ടു. റയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാറില്‍ നിന്ന് 90 ലക്ഷം രൂപയാണ് ബന്‍സലിന്റെ അനന്തരവനായ വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയത്.