ബന്‍സലിന്റെ രാജി ഉണ്ടാകില്ല

single-img
4 May 2013

റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ബന്‍സലിന്റെ അനന്തരവന്‍ റെയില്‍വേ ബോര്‍ഡ് അംഗത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് ബിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. താന്‍ രാജി വയ്ക്കാന്‍ ഒരുക്കമാണെന്ന് ബന്‍സല്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രി രാജിവയ്ക്കില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ധനന്‍ ദ്വിവേദി അറിയിച്ചത്. ഏതു കാര്യത്തിനും രാജി ആവശ്യപ്പെടുക എന്നത് പ്രതിപക്ഷത്തിന്റെ ശീലമായിരിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
റെയില്‍വേ ബോര്‍ഡ് അംഗത്തിന് സ്ഥാനക്കയറ്റം ശരിയാക്കുന്നതിന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ബന്‍സലിന്റെ സഹോദരി പുത്രന്‍ വിനോദ് സിംഗ്ലയെ സിബിഐ അറസ്റ്റ് ചെയ്തത്. അനന്തരവന്റെ കൈക്കൂലി ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന് ബന്‍സല്‍ പറഞ്ഞെങ്കിലും ആരോപണം സര്‍ക്കാരിനെ ബാധിക്കും എന്നതുകൊണ്ടാണ് അദേഹം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ രാജി കാര്യത്തില്‍ പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.