പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സനാവുള്ളയെ സന്ദര്‍ശിച്ചു

single-img
4 May 2013

ജമ്മു കശ്മീര്‍ ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പാക് പൗരന്‍ സനാവുള്ള രഞ്ജയെ പാകിസ്ഥാന്റെ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സനാവുള്ളയെ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പാക് ഉദ്യോഗസ്ഥര്‍ ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ സനാവുള്ളയെ സന്ദര്‍ശിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ സനാവുള്ള വെന്റിലേറ്ററിലാണ്. പാക് ഉദ്യോഗസ്ഥര്‍ ആശുപത്രിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

ജമ്മു കശ്മീരിലെ കോട്ട് ഭല്‍വാല്‍ ജയിലില്‍ സനാവുള്ളയുടെ സഹതടവുകാരനും മുന്‍ ഇന്ത്യന്‍ പട്ടാളക്കാരനുമായ വിജയ് കുമാര്‍ ആണ് പികാക്‌സ് കൊണ്ട് അയാളെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ജമ്മു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സനാവുള്ളയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ചണ്ഡീഗഡിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ രണ്ട് ജയില്‍ അധികാരികളെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാകിസ്ഥാന് ഉറപ്പു നല്‍കി.