സിഖ് കലാപം: സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു

single-img
30 April 2013

1984 സിഖ് വിരുദ്ധ കലാപത്തില്‍ മുഖ്യ കുറ്റാരോപിതനായിരുന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു. സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ പ്രതികളായ മറ്റ് നാലു പേര്‍ക്കു മേല്‍ കോടതി കൊലപാതക കുറ്റം ചുമത്തി. സജ്ജന്‍ കുമാറിനെ വെറുതെ വിട്ടതറിഞ്ഞ് കോടതി പരിസരത്ത് വന്‍ പ്രതിഷേധം അരങ്ങേറി. വിധി പറഞ്ഞ ജഡ്ജിയ്ക്കു നേരെ ചെരുപ്പേറ് ഉണ്ടായി.

ജസ്റ്റിസ് ജി.ടി. നാനാവതി കമ്മീഷന്റെ കണ്ടെത്തലിനെ അവലംബിച്ചാണ് കേസില്‍ സജ്ജന്‍ കുമാറിനെ പ്രതി ചേര്‍ത്തിരുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകര്‍ വെടിവെച്ചു കൊന്നതിനെത്തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി 3100 പേര്‍ ഈ കലാപത്തില്‍ കൊല്ലപ്പെട്ടു. കലാപ സമയത്ത് പോലീസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയ കുറ്റത്തില്‍ നിന്നാണ് സജ്ജന്‍ കുമാറിനെ മോചിപ്പിച്ചിരിക്കുന്നത്. ആകെ മൂന്നു കുറ്റകൃത്യങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരുന്നത്. ഇപ്പോള്‍ അവയില്‍ ഒന്നിനു മാത്രമാണ് വിധി വന്നിരിക്കുന്നത്.