മുഷറഫ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

single-img
30 April 2013

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റാവല്‍പിണ്ടിയിലെ ഭീകര വിരുദ്ധ കോടതിയുടെ നടപടി. സുരക്ഷാ പ്രശ്‌നം പരിഗണിച്ച് മുഷറഫിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ചക്ഷാബാദിലെ മുഷറഫിന്റെ ഫാം ഹൗസ് സബ്ജയിലാക്കി അവിടെയാണ് ഇപ്പോള്‍ അദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള സമയവും ഇവിടെ തന്നെയായിരിക്കും മുഷറഫിനെ പാര്‍പ്പിക്കുന്നത്. ഏപ്രില്‍ 26 ന് തന്നെ കോടതി മുഷറഫിനെ അന്വേഷണ ഏജന്‍സിയായ എഫ്‌ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. മുഷറഫ് പ്രസിഡന്റായിരിക്കെ 2007 ഡിസംബര്‍ 27 നാണ് റാവല്‍പ്പിണ്ടിയില്‍ ബോംബാക്രമണത്തില്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മുഷറഫ് അവകാശപ്പെടുന്നതെങ്കിലും എഫ്‌ഐഎയ്ക്ക് അദേഹത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.