രൂക്ഷ വിമര്‍ശനം

single-img
30 April 2013

കല്‍ക്കരിപാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ട് അതിനു മുന്‍പ് കാണണമെന്നാവശ്യപ്പെട്ട മന്ത്രിതല നടപടി അസാധാരണം എന്നാണ് പരമോന്നത കോടതി വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന നടപടിയാണ് ഉണ്ടായതെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. കല്‍ക്കരിപാടം അഴിമതി അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വിനി കുമാറിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഖനിമന്ത്രിയുടെ ഓഫീസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ,അവരുടെ ആവശ്യപ്രകാരം, കാണിച്ചു എന്ന സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍.എം.ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു.

സിബിഐയെ പോലുള്ള അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയ മേലാളന്‍മാരുടെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിനാണ് കോടതി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മുഴുവന്‍ പ്രക്രിയയെയും ഉലച്ചു. കേസ് അന്വേഷണങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദ്ദേശങ്ങള്‍ സിബിഐ സ്വീകരിക്കേണ്ടതില്ല. കോടതി പറഞ്ഞു. എന്തു കൊണ്ടാണ് കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് യഥാസമയം കോടതിയെ അറിയിക്കാതിരുന്നതെന്ന് സിബിഐയോട് സുപ്രീം കോടതി ആരാഞ്ഞു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിമാരെ കാണിച്ചു എന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഏപ്രില്‍ 26 ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ രണ്ടു പേജ് വരുന്ന സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്ന് സത്യവാങ്മൂലത്തിലൂടെ അദേഹം കോടതിയെ അറിയിക്കുകയായിരുന്നു.