ഇന്ത്യന്‍ മണ്ണില്‍ ചൈന വീണ്ടും ടെന്റ് കെട്ടി

single-img
30 April 2013

ലഡാകില്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈന്യം വീണ്ടും ടെന്റ് കെട്ടി. ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് പുതിയ ടെന്റ് കെട്ടി ഉയര്‍ത്തിയത്. ഇതോടെ ലഡാകിലെ ദൗലത് ബെഗ് ഒല്‍ഡി ഭാഗത്ത് ചൈന സ്ഥാപിച്ച ടെന്റുകളുടെ എണ്ണം അഞ്ചായി. പുതിയ ടെന്റിന് മൊളോസര്‍ ഇനത്തിലുള്ള വേട്ടനായ്ക്കളെ കാവലിന് നിര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെന്റിനു മുന്നിലായി ഇത് ചൈനീസ് പ്രദേശമാണെന്നും നിങ്ങള്‍ ഇപ്പോള്‍ ചൈനയുടെ മണ്ണിലാണെന്നുമുള്ള ഇംഗ്ലീഷിലെഴുതിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സദാ സമയം ഇവിടെ കാവല്‍ നില്‍ക്കുകയാണ്.

ഏപ്രില്‍ 15 ന് രാത്രിയാണ് ചൈന അനധികൃതമായി ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെന്റ് സ്ഥാപിച്ചത്. തുടര്‍ന്ന് മൂന്നു ടെന്റുകള്‍ കൂടി കെട്ടി. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് 18 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് ചൈന കടന്നു കയറ്റം നടത്തിയിരിക്കുന്നത്. പ്രദേശത്ത് നിന്ന് പിന്‍മാറണമെന്ന ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ചൈന അനുസരിച്ചിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി മൂന്നു തവണ ഇരു രാജ്യങ്ങളുടെയും ഫഌഗ് മീറ്റീങ്ങ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.