വിഎസിന്റെ പ്രസ്താവന പാര്‍ട്ടിയിലെ പോരിന്റെ സൂചന: ചെന്നിത്തല

single-img
29 April 2013

ramesh chennithalaജനാധിപത്യം എന്നതു ഭൂരിപക്ഷത്തിന്റെ സേച്ഛാധിപത്യമല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നുവെന്നതിന്റെ സൂചനയാണു നല്കുന്നതെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയതായിരുന്നു അദ്ദേഹം. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പോലും സിപിഎമ്മിലെ ന്യൂനപക്ഷത്തിന് ഔദ്യോഗികപക്ഷം വിലക്കു കല്‍പ്പിക്കുന്നുവെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ കേന്ദ്രനേതൃത്വം മറുപടി പറയണം. സിപിഎമ്മില്‍ ഇത്തരമൊരു സാഹചര്യം ഉണെ്ടന്ന പ്രസ്താവനയില്‍ കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം അറിയാന്‍ കോണ്‍ഗ്രസിന് ആഗ്രഹമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ സമയത്ത് 31 പേര്‍ മാത്രമാണ് ഇറങ്ങിപ്പോയത്. ഭൂരിപക്ഷം അംഗങ്ങളും സിപിഐയിലായിരുന്നു. അന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാത്രം സ്വീകരിച്ചിരുന്നെങ്കില്‍ സിപിഎം തന്നെ രൂപപ്പെടില്ലായിരുന്നു. വന്‍ പ്രതിസന്ധിയും അപചയവും സിപിഎം നേരിടുന്നെന്നതിന്റെ തെളിവാണ് അച്യുതാനന്ദന്റെ പ്രസ്താവന. ഔദ്യോഗികപക്ഷം ന്യൂനപക്ഷത്തിനു യാതൊരു നീതിയും നല്കുന്നില്ലെന്നും നിരന്തരം പീഡനത്തിന് ഇരയാക്കുന്നെന്നും പ്രതിപക്ഷ നേതാവ് തന്നെ പറയുന്നു. ഒരു കാലത്തുമില്ലാത്ത വിധം തമ്മിലടിയിലൂടെയും പ്രതിസന്ധിയിലൂടെയുമാണു സിപിഎമ്മിന്റെ പോക്ക്- ചെന്നിത്തല പറഞ്ഞു.