എസ്എസ്എഫ് വാര്‍ഷിക സമ്മേളനത്തിന് ഇന്ന് പരിസമാപ്തി

single-img
28 April 2013

കൊച്ചി : എസ്എസ്എഫ് 40 ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെ സമാപനമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസമായി രിസാല സ്വയറില്‍ നടന്നു വന്ന എസ്എസ്എഫ് പ്രതിനിധി സമ്മേളനം ഉച്ചയോടെ സമാപിച്ചു. സമരമാണ് ജീവിതം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ എസ്എസ്എഫ് സംസ്ഥാന സമ്മേളനം നടന്നത്.
വൈകുന്നേരം നാലു മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന നടക്കുന്ന വിദ്യാര്‍ത്ഥി റാലിയിലും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് സമ്മേളന നഗരിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്നും മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്നു ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലിയില്‍ സംസ്ഥാനത്തെ 428 സെക്ടറുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യൂണിഫോം ധാരികളായ നാല്‍പതിനായിരം ഐ ടീം അംഗങ്ങളും അണിനിരക്കും. സംസ്ഥാന നേതാക്കളായ വി.അബ്ദുല്‍ ജലീല്‍ സഖാഫി, കെ.അബ്ദുല്‍ സലാം, വി.പി.എം. ഇസ്ഹാഖ്, ന്‍െ.വി.അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുള്‍ റഷീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍,എം.അബ്ദുല്‍ മജീദ്, എ.എ.റഹീം, ബഷീര്‍ കെ.ഐ, അബ്ദുള്‍ റഷീദ് നരിക്കോട് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള നൂറുകണക്കിന് പണ്ഡിതര്‍ സാന്നിദ്ധ്യം വഹിക്കും.