സരബ്ജിത്ത് സിങിനെ ബന്ധുക്കള്‍ സന്ദര്‍ശിച്ചു

single-img
28 April 2013

പാക് ജയിലില്‍ ക്രൂര മര്‍ദ്ധനത്തിനിരയായി അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങിനെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു. സരബ്ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍, ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ സ്വപ്‌നദീപ് , പൂനം എന്നിവരാണ് ആശുപത്രിയിലെത്തിയത്. ലാഹോര്‍ ജിന്ന ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കോമ അവസ്ഥയിലാണ് സരബ്ജിത്ത് സിങ്. അദേഹത്തെ സന്ദര്‍ശിക്കുന്നതിന് ബന്ധുക്കള്‍ക്ക് പാകിസ്ഥാന്‍ അടിയന്തരമായി വിസ അനുവദിക്കുകയായിരുന്നു. അതേ സമയം, സരബ്ജിത്ത് സിങിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റര്‍മാര്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കിയില്ല. ഇതിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സരബ്ജിത്ത് ചികിത്സയില്‍ കഴിയുന്ന ആശുപത്രി ഇപ്പോള്‍ സബ് ജയില്‍ ആയി കണക്കാക്കുന്നതിനാല്‍ ഒരു തവണമാത്രമേ നയതന്ത്ര പ്രതിനിധികള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കൂ എന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. സരബ്ജിത്ത് ആക്രമിക്കപ്പെട്ട് ആശുപത്രിയിലായ വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികള്‍ ആശുപത്രിയില്‍ എത്തി അദേഹത്തെ കണ്ടിരുന്നു. തലയ്ക്കും വയറ്റിലും ഗുരുതരമായ പരുക്കാണ് സരബ്ജിത്ത് സിങിന് ഏറ്റിരിക്കുന്നതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തലച്ചോറിന്റെ അറുപതു ശതമാനവും നശിച്ച അവസ്ഥയിലാണ്. കുടുംബാംഗങ്ങളില്‍ രണ്ടു പേര്‍ക്ക് ആശുപത്രിയില്‍ നില്‍ക്കാന്‍ അനുമതി ലഭിക്കുമെന്നാണ് വിവരം. സരബ്ജിത്തിന്റെ ചികിത്സയ്ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.