മായാവതിയുടെ ബാഗില്‍ നിന്ന് ലഭിച്ചത് ഒരു ലക്ഷം രൂപ

single-img
28 April 2013

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ ബിഎസ്പി നേതാവ് മായാവതിയുടെ ബാഗില്‍ നിന്ന് പോലീസ് ഒരു ലക്ഷം രൂപ പിടിച്ചെടുത്തു. ഗുല്‍ബര്‍ഗ ജില്ലയിലെ ജവര്‍ഗിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തിയത്. ബാഗില്‍ പണം കണ്ടതിനെത്തുടര്‍ന്ന് മായാവതി സഞ്ചരിച്ച കാറിലും ഹെലികോപ്റ്ററിലും പോലീസ് പരിശോധന നടത്തി. എന്നാല്‍ പരിശോധനയെത്തുടര്‍ന്ന് ക്ഷുഭിതയായ മായാവതി താന്‍ ഒരു ദളിത് സ്ത്രീയായതിനാലാണ് പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നതെന്ന് ആരോപിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ബിജെപി നേതാവ് സുഷമാ സ്വരാജിനെയും പരിശോധിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും മയാവതി ചോദിച്ചു. ഹെലികോപ്റ്ററില്‍ തനിക്കൊപ്പം സഞ്ചരിച്ച അനുയായികള്‍ സംഭാവന തന്ന പണമാണ് കൈയിലുണ്ടായിരുന്നതെന്നാണ് മായാവതി വിശദീകരിച്ചത്. പണം കണ്ടെത്തിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗുല്‍ബര്‍ഗ ഡപ്യൂട്ടി കമ്മീഷണര്‍ കെ.ജെ.ജഗദീഷ് അറിയിച്ചു. മെയ് അഞ്ചിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.