കേരളത്തിന് 100 ഘനയടി ജലം ലഭിക്കും

single-img
28 April 2013

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ജലം ലഭിക്കുമെന്ന് ഉറപ്പായി. സെക്കന്‍ഡില്‍ 100 ഘനയടി ജലമാണ് കേരളത്തിന് നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചത്. പകരം ശിരുവാണി ഡാമില്‍ നിന്ന് 40 ഘനയടി ജലം കേരളം തമിഴ്‌നാടിന് നല്‍കും. തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ പങ്കെടുക്കുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ മന്ത്രി പി.ജെ.ജോസഫും തമിഴ്‌നാട്ടില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി ടി.രാമലിംഗവും ചര്‍ച്ചയില്‍ പങ്കെടുത്തു. കാലവര്‍ഷം ആരംഭിക്കുന്നതു വരെ ഈ സ്ഥിതി തുടരും. മണക്കടവില്‍ നിന്നും ഷോളയാറില്‍ നിന്നുമാണ് കേരളത്തിന് ജലം ലഭിക്കുന്നത്.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് ജലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ച് കേരളത്തിന് വെള്ളം നല്‍കാതിരിക്കുകയും അനുവദിച്ചതിലും കൂടുതല്‍ ജലം തമിഴ്‌നട് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇഥിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങവേയാണ് തമിഴ്‌നാട് ചര്‍ച്ച നടത്താന്‍ മുന്നോട്ട് വന്നത്.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ജലം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതുവരെ 44 കോടി രൂപയുടെ നഷ്ടമാണ് വരള്‍ച്ച കാരണം ഉണ്ടായത്. ഇക്കാര്യങ്ങളെല്ലാം മന്ത്രി പി.ജെ.ജോസഫ് തമിഴ്‌നാടിനെ അറിയിച്ചു. നെയ്യാറില്‍ നിന്ന് ജലം ലഭിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം ഇത് നിരസിച്ചു.