National

അഖിലേഷ് യാദവ് ഹാര്‍വാര്‍ഡ് പ്രഭാഷണം ബഹിഷ്‌കരിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രമുഖ അമേരിക്കന്‍ സര്‍വകലാശാലയായ ഹാര്‍വാര്‍ഡില്‍ നടത്താനിരുന്ന പ്രഭാഷണം ബഹിഷ്‌കരിച്ചു. സര്‍വകലാശാലയിലെ പരിപാടിയില്‍ തനിക്കൊപ്പം പങ്കെടുക്കാനെത്തിയ സംസ്ഥാന മന്ത്രി അസം ഖാനെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ചാണ് അഖിലേഷ് പ്രഭാഷണം വേണ്ടെന്നു വച്ചത്. ഉത്തര്‍പ്രദേശ് വിജയകരമായി നടത്തിയ കുംഭമേളയുടെ മാനേജ്‌മെന്റിനെക്കുറിച്ചുള്ള സിംപോസിയം അവതരിപ്പിക്കാനാണ് അഖിലേഷ് യാദവും അസം ഖാനും അമേരിക്കയിലെത്തിയത്. എന്നാല്‍ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ എത്തിയ അസം ഖാനെ പത്തു മിനിറ്റ് തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയായിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗവും സമാജ് വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ അസം ഖാന്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലും അഖിലേഷ് പങ്കെടുത്തില്ല.