നാവിക സേന ആസ്ഥാനത്തെ ലൈംഗിക പീഡനം സിബിഐ അന്വേഷിക്കണമെന്ന് പരാതിക്കാരി

single-img
27 April 2013

കൊച്ചി നാവിക സേന ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് പരാതിക്കാരിയായ യുവതി. ഈ ആവശ്യം ഉന്നയിച്ച് യുവതി സുപ്രീം കോടതിയെ സമീപിച്ചു. നിലവില്‍ നാവികസേനയും പോലീസും നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും അതിലൂടെ നീതി ലഭിക്കില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവതി പറഞ്ഞിരിക്കുന്നത്.

നേവിയില്‍ ലഫ്റ്റനന്റായ ഒറീസ സ്വദേശി രവി കിരണിന്റെ ഭാര്യയാണ് ലൈംഗികാരോപണം ഉയര്‍ത്തി ഭര്‍ത്താവിനെതിരെയും നേവിയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. കൂടാതെ ഉന്നത നേവി ഉദ്യോഗസ്ഥര്‍ക്ക് തന്നെ കാഴ്ചവയ്ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചതായും ഇത് എതിര്‍ത്തതിനെത്തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചി ഹാര്‍ബര്‍ പോലീസിനും ഡല്‍ഹി പോലീസിനും നേവിയ്ക്കുമാണ് യുവതി പരാതി നല്‍കിയത്.