40, അതൊരു നമ്പര്‍ മാത്രം

single-img
24 April 2013

ഇന്ത്യയ്ക്കും ലോകത്തിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരാണെന്നും എന്താണെന്നും ഉള്ളത് പാടിപ്പതിഞ്ഞു കഴിഞ്ഞതാണ്. ഓരോ തവണ സച്ചിനെ പ്രതിപാദിക്കുമ്പോഴും പുതിയ ഏതുവാക്കുകള്‍ ഉപയോഗിക്കാം എന്ന കാര്യത്തിലുള്ള തലപുകച്ചില്‍ സുഖമുള്ള ഏര്‍പ്പാടു തന്നെയാണ്. കാരണം സച്ചിനെക്കുറിച്ച് എന്തെഴുതിയാലും അധികമാകില്ല. എന്തെഴുതിയാലും മതിയാകുകയുമില്ല. വാക്കുകള്‍ക്കും വാഖ്യാനങ്ങള്‍ക്കും മേല്‍ സച്ചിനെന്ന ഇതിഹാസം തലയുയര്‍ത്തി നില്‍ക്കുന്നു.

കാല്‍ നൂറ്റാണ്ടായി ലോകത്തിനു മുന്നില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ സച്ചിന്‍ നാല്‍പതാം വയസ്സിലേയ്ക്കു കടന്നു. ഏതു യുവതാരത്തെക്കാളും മേനി പറയാന്‍ കഴിയുന്ന പ്രതിഭയുമായി സച്ചിന്‍ നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ മനസ്സിലെത്തുന്നത് ഒരേ ഒരു കാര്യം, വയസ്സ് എന്നത് ഒരു സംഖ്യ മാത്രം. അക്കാര്യം സാക്ഷാല്‍ സച്ചിന്‍ തന്നെ സമ്മതിക്കുന്നു. ഉറ്റ സുഹൃത്തുക്കളില്‍ ഒരാളായ അനില്‍ കുംബ്ലെ പിറന്നാള്‍ ആശംസയ്‌ക്കൊപ്പം സച്ചിനോട് പറഞ്ഞത്രെ, 40 അതൊരു നമ്പര്‍ മാത്രം. ഇക്കാര്യം തനിക്ക് പ്രചോദനമായെന്നും സച്ചിന്‍ വെളിപ്പെടുത്തി.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തിനായി കൊല്‍ക്കത്തയിലെത്തിയ സച്ചിന്‍ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷത്തിന്റെ ഭാഗമായി. നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ നാനാദിശകളില്‍ നിന്നു വരുന്ന ആശംസാവചനങ്ങള്‍ക്കു മുന്നില്‍ എല്ലായ്‌പ്പോഴുമെന്ന പോലെ വിനയാന്വിതനാകുകയാണ് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ സച്ചിന്‍.
ഇന്ത്യയിലും ലോകത്തിന്റെ ഭാഗങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ നല്‍കുന്ന നിസ്വാര്‍ഥ സ്‌നേഹത്തിന് നന്ദി പറയാനും സച്ചിന്‍ ഈ അവസരം വിനിയോഗിച്ചു. ‘ആരാധകരുടെ സ്‌നേഹവും ആശംസകളുമാണ് ഞാന്‍ ഇന്നത്തെ നിലയിലെത്താന്‍ കാരണം. ഓരോരുത്തരോടും നേരിട്ട് നന്ദി പറയാന്‍ ആഗ്രഹമുണ്ട്. അതിനു കഴിയാത്തതിനാല്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ആരാധകര്‍ നല്‍കിയ നിരുപാധികമായ സ്‌നേഹത്തിന് നന്ദിയുണ്ട്. എനിക്കു വേണ്ടി ഒരുപാടാളുകള്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എനിക്കു പരുക്കു പറ്റിയപ്പോഴൊക്കെ ഒരുപാടുപേര്‍ നിരാഹാരമനുഷ്ഠിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. അവരെയെല്ലാം നേരിട്ടു കാണണമെന്നും നന്ദി പറയണമെന്നും ആഗ്രഹമുണ്ട്.’ സച്ചിന്‍ പറഞ്ഞു.
നാല്‍പതാം പിറന്നാള്‍ കേക്ക് മുറിച്ച സച്ചിന് ഭാര്യ അഞ്ജലിയാണ് ആദ്യം മധുരം നല്‍കിയത്. കേക്കു മുറിക്കാനായി സച്ചിന്‍ ഒരുങ്ങിയപ്പോള്‍ സ്‌റ്റേജിനു പിന്നില്‍ നിന്നിരുന്ന അഞ്ജലിയെ മാധ്യമപ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനമാനിച്ച് സ്റ്റേജിലേക്ക് സച്ചിന്‍ ക്ഷണിക്കുകയായിരുന്നു. കേക്ക് കഴിച്ചതിനു ശേഷം അഞ്ജലിയോട് കേക്ക് തന്റെ മുഖത്തു തേയ്ക്കാന്‍ ആവശ്യപ്പെടരുതെന്നും തമാശരൂപേണ സച്ചിന്‍ പറഞ്ഞു.