തകര്‍ച്ച

single-img
24 April 2013

മുന്നേറ്റനിരയ്ക്ക് എല്ലാ മത്സരങ്ങളിലും വിജയം സമ്മാനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട മത്സരത്തില്‍ സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീം ബയറണ്‍ മ്യൂണികിനോട് ബാഴ്‌സ തോല്‍വി വഴങ്ങിയപ്പോള്‍ ലോക ഫുട്ബാളിന്റെ ചക്രവര്‍ത്തിമാരുടെ കിരീടം വീണുടയുകയാണ് ചെയ്തത്. അത്രയും ധാരുണമായൊരു മത്സരഫലം ലയണല്‍ മെസ്സിയെന്ന ലോകതാരത്തിന്റെ സ്വന്തം ടീം സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. എന്തിന് അവരെ തോല്‍പ്പിച്ച ബയറണ്‍ താരങ്ങള്‍ പോലും വിശ്വസിച്ചുതുടങ്ങുന്നതേ ഉള്ളു. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഒന്നാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ബയണറിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് ക്ലബിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ മാര്‍ജിനില്‍ ബാഴ്‌സ തോറ്റത്. അവസാനമായി 1997 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഡൈനാമോ കീവ് ആണ് 4-0 എന്ന സ്‌കോറിന് ബാഴ്‌സയെ തോല്‍പ്പിച്ചിട്ടുള്ളത്. ആദ്യപാദ സെമിയിലെ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേയ്ക്ക് കുതിക്കാനുള്ള ബാഴ്‌സയുടെ സ്വപ്‌നം പൂവണിയണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ നടക്കണം എന്ന സ്ഥിതിയാണുള്ളത്.

ബയറണിനു വേണ്ടി തോമസ് മുള്ളര്‍ രണ്ടു ഗോളുകളും മരിയോ ഗോമസ് , ആര്യന്‍ റോബന്‍ എന്നിവര്‍ ഓരോ തവണയുമാണ് ബാഴ്‌സയുടെ വലകുലുക്കിയത്. മെസ്സിയെയും ഇനിയേസ്റ്റയെയും ബുസെക്റ്റ്‌സിനെയും സാവിയെയും പൂട്ടി ബയറണ്‍ പ്രതിരോധം ശക്തമാക്കിയതോടെ ബാഴ്‌സ സമ്മര്‍ദ്ധത്തിനടിമപ്പെട്ടു. മത്സരത്തിന്റെ സിംഹഭാഗവും പന്തു കൈവശം വച്ചിരുന്ന ബാഴ്‌സയ്ക്ക് വെറും നാലു തവണ മാത്രമാണ് എതിര്‍ ഗോള്‍മുഖത്ത് അല്‍പമെങ്കിലും അലോസരം സൃഷ്ടിക്കാന്‍ കഴിഞ്ഞത്. നേരെ മറിച്ച് ബയറണിന്റെ മുന്‍നിര ബാഴ്‌സയുടെ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയതോടെ മത്സരം എളുപ്പത്തില്‍ ജര്‍മ്മന്‍ ടീമിന്റെ കൈകളിലെത്തി. ബാഴ്‌സയുടെ നെഞ്ചകം പിളര്‍ന്നു കൊണ്ട് മുള്ളറാണ് 25 ാം മിനിറ്റില്‍ ആദ്യം ലക്ഷ്യം കണ്ടത്. രണ്ടാമത്തെ ഊഴം മരിയോ ഗോമസിന്റേതായിരുന്നു. 49 ാം മിനിറ്റില്‍ ഗോമസ് മുള്ളറുടെ ഒരു ഹെഡ്ഡര്‍ ക്രോസ് ഗോളാക്കി മാറ്റി. മൂന്നാം പ്രഹരം റോബിന്റെ വക. അനായാസമായി ബാഴ്‌സ താരങ്ങളെ കാഴ്ചക്കാരാക്കി 73 ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ ഗോള്‍ നേടി. ബാഴ്‌സയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയായി തോമസ് മുള്ളര്‍ 82 ാം മിനിറ്റില്‍ ബയണറിന്റെ അവസാന ഗോളും നേടി.