സുരക്ഷയ്ക്കായി 15 ലക്ഷം

single-img
23 April 2013

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയ്ക്ക് സുരക്ഷയ്ക്കായി ഒരു മാസം ചിലവാകുന്നത് 15 ലക്ഷം രൂപ. ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതിനാണ് ഇത്രയും തുക അംബാനിയ്ക്ക് മുടക്കേണ്ടി വരുന്നത്. ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുള്ള വധഭീഷണിയെത്തുടര്‍ന്നാണ് മുകേഷ് അംബാനിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. വധഭീഷണി ശരിയാണെന്നും 24 മണിക്കൂര്‍ സുരക്ഷ മുകേഷ് അംബാനിയ്ക്ക് ഒരുക്കണമെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അംബാനിയ്ക്ക് സുരക്ഷ നല്‍കാന്‍ നികുതിപ്പണം ഉപയോഗിക്കുന്നു എന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജിരിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുരക്ഷ നല്‍കുന്നതിനാവശ്യമായി വരുന്ന ചിവലുകള്‍ മുകേഷ് അംബാനി തന്നെ വഹിക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കിയത്. സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ശമ്പളം മറ്റ് ചിലവുകള്‍ എന്നിവയ്ക്കാണ് പണം നല്‍കേണ്ടത്. നിലവില്‍ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് അദേഹത്തിന് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതോടെ 22 സെക്യൂരിറ്റി ഗാര്‍ഡുകളും രണ്ട് എസ്‌കോര്‍ട്ട് ,പൈലറ്റ് കാറുകളും സദാസമയം അംബാനിയ്ക്ക് ഉണ്ടാകും.