പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വസന്തം

single-img
23 April 2013

കഴിഞ്ഞ സീസണിലെ അവസാന നിമിഷ കിരീട നഷ്ടം ആവര്‍ത്തിക്കാന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കുട്ടികള്‍ക്ക് ഇത്തവണ ഒട്ടും തന്നെ താത്പര്യമില്ലായിരുന്നു. സീസണ്‍ അവസാനിക്കാന്‍ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കുതിച്ചതോടെ ഇത്തവണ കിരീടം ഓള്‍ഡ് ട്രോഫോഡിലെ ഷെല്‍ഫിലേയ്ക്കു തന്നെ വിരുന്നെത്തും. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മാന്‍ യു കിരീടം സ്വന്തമാക്കിയത്. മത്സരത്തിന് കൂടുതല്‍ ചാരുത പകര്‍ന്നത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍പേഴ്‌സിയുടെ ഹാട്രിക് ആണ്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ വലകുലുക്കിയ വാന്‍പേഴ്‌സി ടീമിന്റെ കിരീടനേട്ടം അവിസ്മരണീയമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ പട്ടവും ഹോളണ്ടില്‍ നിന്നുള്ള സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കി. മാഞ്ചസ്റ്ററിനായി 24 തവണയാണ് വാന്‍പേഴ്‌സി വലകുലുക്കിയത്.

ഇപിഎല്ലില്‍ 34 കളികളില്‍ നിന്ന് 84 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ കിരീടത്തിലേയ്ക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം അവസാന നിമിഷം കീരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 16 പോയിന്റ് ലീഡ് ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത്.