രണ്ടാം ഘട്ട ബജറ്റ് സെഷന് ബഹളത്തോടെ തുടക്കമായി

single-img
22 April 2013

പാര്‍ലമെന്റ് ബജറ്റ് സെഷന്റെ രണ്ടാം ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനു കാര്യങ്ങള്‍ സുഗമമാകില്ലെന്ന് ഉറപ്പായി. സമ്മേളനത്തിന്റെ ആരംഭം തന്നെ ബഹളത്തില്‍ മുങ്ങിയതോടെ ലോക്‌സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. 2ജ് സ്‌പെക്ട്രം അഴിമതി അന്വേഷണം നടത്തിയ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിനു മുന്‍പേ ചോര്‍ന്നതിനെ സംബന്ധിച്ച് ഡിഎംകെ ആണ് ബഹളത്തിന് തുടക്കമിട്ടത്. ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോയ്‌ക്കെതിരെ ഡിഎംകെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കൂടാതെ ജെപിസി അധ്യക്ഷ സ്ഥാനത്തു നിന്നും പി.സി.ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. 

കല്‍ക്കരി അഴിമതി അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വച്ചു. തുടര്‍ന്ന് സഭ കുറച്ചുനേരം നിര്‍ത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. തെലുങ്കാന പ്രശ്‌നം ഉന്നയിച്ച് തെലുങ്കാന മേഖലയില്‍ നിന്നുള്ള എംപി മാരും ബഹളത്തിന്റെ ഭാഗമായി.
അതേ സമയം പാര്‍ലമെന്റില്‍ ബജറ്റ് പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുന്നിന് പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കണമെന്നും അദേഹം സഭാസമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആവശ്യപ്പെട്ടു.