മോണ്ടി കാര്‍ലോയില്‍ ദ്യോകോവിച്ച് ചാമ്പ്യന്‍

single-img
22 April 2013

പരുക്കിനു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തി ഉജ്വല ഫോമില്‍ കളിക്കുന്ന സ്‌പെയിനിന്റെ റാഫേല്‍ നഡാലിനെ തറപറ്റിച്ച് മോണ്ടി കാര്‍ലോയില്‍ നൊവാക് ദ്യോകോവിച്ച് കിരീടമുയര്‍ത്തി. മോണ്ടി കാര്‍ലോ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിലെ തുടച്ചയായ ഒന്‍പതാം കിരീടം നേട്ടമാണ് മുന്നില്‍ കണ്ടാണ് നഡാല്‍ കളിച്ചത്. എന്നാല്‍ ലോക ഒന്നാം നമ്പറായ നൊവാകിനു മുന്നില്‍ നേരിട്ടുള്ള രണ്ടു സെറ്റിനുള്ളില്‍ നഡാലിന്റെ പോരാട്ടം അവസാനിച്ചു. സ്‌കോര്‍ 6-2, 7-6. 

ആദ്യ സെറ്റില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് നഡാല്‍ കാഴ്ച വച്ചത്. ഒന്നാം സെറ്റിനിടയില്‍ മഴ വന്നത് കുറച്ചുനേരം കളി തടസ്സപ്പെടുത്തി. രണ്ടു സര്‍വീസ് ബ്രേക്കുകളുമായി മുന്നേറിയ ദ്യോകോവിച്ച് 6-2 ന് സെറ്റ് പിടിച്ചെടുത്തു. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചു വന്ന നഡാല്‍ ദ്യോകോവിച്ചിന് കനത്ത വെല്ലുവിളിയുയര്‍ത്തി. ഒടുവില്‍ ട്രൈബ്രേക്കറില്‍ വിജയവും കിരീടവും ദ്യോകോവിച്ച് സ്വന്തമാക്കി. 2005 മുതല്‍ മോണ്ടി കാര്‍ലോയില്‍ ചാമ്പ്യനായ നഡാലിന്റെ തുടര്‍ച്ചയായ 46 ക്ലേകോര്‍ട്ട് വിജയങ്ങള്‍ക്കു ശേഷമുള്ള ആദ്യ തോല്‍വിയാണ് ദ്യോകോവിച്ച് സമ്മാനിച്ചത്.