രവീന്ദ്ര ജഡേജയിലൂടെ ചെന്നൈക്കു ജയം

single-img
21 April 2013

jadejaധോണിയുടെ ട്വീറ്റുകളിലെ ഹീറോ സര്‍ ജഡേജ ക്രീസില്‍ എത്തിയപ്പോള്‍ കോല്‍ക്കത്ത തോല്‍വിയുടെ പടുകുഴില്‍ പതിച്ചു. മൂന്നു ദിവസം മുമ്പ് ധോണി ട്വീറ്റ് ചെയ്തതിനു സമാനമായിരുന്നു ജഡേജയുടെ പ്രകടനം. ജഡേജ ക്രീസില്‍ തകര്‍ത്താടിയപ്പോള്‍ ജയത്തിന്റെ വക്കില്‍നിന്ന് കോല്‍ക്കത്ത തോല്‍വിയിലേക്കു കൂപ്പുകുത്തി. തോല്‍വിയുടെ മുഖത്തുനിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയമാഘോഷിക്കുകയും ചെയ്തു. 14 പന്തില്‍ നിന്ന് മൂന്നു സിക്‌സും മൂന്നു ഫോറും അടക്കം ജഡേജ പുറത്താകാതെ നേടിയ 36 റണ്‍സ് ചെന്നൈയെ വിജയത്തിലെത്തിച്ചു. നാലു വിക്കറ്റിനാണ് കോല്‍ക്കത്തയെ ചെന്നൈ കീഴടക്കിയത്. സ്‌കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 119. ചെന്നൈ 19.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124.

തോല്‍വി മുന്നില്‍ക്കണ്ട സമയത്താണ് ജഡേജ ക്രീസിലെത്തിയത്. ധോണിയുടെ ട്വീറ്റുകളില്‍ അമാനുഷനായി ചിത്രീകരിക്കപ്പെട്ട ജഡേജ അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് ചെന്നൈയെ ലാഘവത്തോടെ പിടിച്ചുയര്‍ത്തുന്നതാണ് പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. സിക്‌സറുകളും ഫോറുകളും ജഡേജയുടെ ബാറ്റില്‍ നിന്ന് പിറന്നു. ജഡേജ ക്രീസിലെത്തിയപ്പോള്‍ ഗാലറിയും ബൗണ്ടറി ലൈനും അടുത്തു വന്നു എന്നു ധോണി ട്വീറ്റു ചെയ്തതുപോലെയായി കാര്യങ്ങള്‍. പിന്നെയെല്ലാം ജഡേജയ്ക്കു നിഷ്പ്രയാസമായിരുന്നു. ഒടുവില്‍ അഞ്ചു പന്തു ശേഷിക്കേ ചെന്നൈ നാലു വിക്കറ്റ് ജയത്തിലെത്തി.