ഷിബു ബേബി ജോണ്‍ – നരേന്ദ്ര മോഡി കൂടിക്കാഴ്ച വിവാദത്തിലേയ്ക്ക്

single-img
20 April 2013

തിരുവനന്തപുരം : തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. നാഷണല്‍ ഇന്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്ത് സന്ദര്‍ശിക്കുന്ന ഷിബു ബേബി ജോണ്‍ വ്യാഴാഴ്ചയാണ് മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ അപ്രീതിയ്ക്ക് കാരണമായിരിക്കുകയാണ്. അതേ സമയം, താന്‍ മോഡിയെ കണ്ടത് വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നെന്നും ബിജെപി നേതാവായിട്ടല്ല ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദേഹവുമായി ചര്‍ച്ച നടത്തിയതെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. ഗുജറാത്ത് തൊഴില്‍ മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ അദേഹം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് മോഡിയെ കണ്ടത്. തനിയ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുള്ള ഐടിഐകളുടെ വികസനം, വ്യവസായ പരീശീലന കേന്ദ്രം സ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നതെന്നും മന്ത്രി പറഞ്ഞു.

നരേന്ദ്ര മോഡിയെ ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന നേതാക്കള്‍ വിമര്‍ശിച്ചത്. ഗുജറാത്തില്‍ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത്തരത്തിലൊരു സന്ദര്‍ശനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദേഹം പ്രതികരിച്ചു. ഗുജറാത്തിന്റെ മാതൃക പിന്തുടരേണ്ട ആവശ്യം കേരളത്തിനില്ലെന്ന് കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. മോഡിയ മന്ത്രി ഷിബു സന്ദര്‍ശിക്കരുതായിരുന്നെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രതികരിച്ചു.