അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

single-img
20 April 2013

ഡല്‍ഹി : രാജ്യ തലസ്ഥാനത്തെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അഞ്ചു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പ്രതി പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മൂന്നു ദിവസത്തോളം ക്രൂര പീഡനത്തിനിരയാക്കിയ അയല്‍വാസി മനോജി (25)നെ വെള്ളിയാഴ്ച രാത്രിയിലാണ് അറസ്റ്റു ചെയ്തത്. രാത്രി ഏറെ വൈകി പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ബീഹാറിലെ മുസാഫര്‍പൂരിലെ ഒരു ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ കണ്ടെത്തിയത്.

ക്രൂര പീഡനത്തിനിരയായ അഞ്ചു വയസ്സുകാരി ഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അഞ്ചു വയസ്സുകാരിയുടെ ഫഌറ്റിന് തൊട്ടു താഴത്തെ നിലയിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയെ തട്ടികൊണ്ടു പോയി ഇയാളുടെ ഫഌറ്റില്‍ വച്ചാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷം പ്രതിയുടെ ഫഌറ്റില്‍ നിന്നും കരച്ചില്‍ കേട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടു വരും.