ക്വാര്‍ട്ടറില്‍ സിന്ധു പുറത്ത്‌

single-img
20 April 2013

ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് തോല്‍വി. ടൂര്‍ണമെന്റിലെ ഏഴാം സീഡായ ജാപ്പനീസ് താരം എറിക്കോ ഹിരോസെയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. മികച്ച പോരാട്ടം കാഴ്ചവച്ച സിന്ധു 19-21, 21-16, 11-21 എന്ന സ്‌കോറിനാണ് തോല്‍വി സമ്മതിച്ചത്. സിന്ധുവിന്റെ തോല്‍വിയോടെ ടൂര്‍ണമെന്റിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷയും അസ്തമിച്ചു.

മത്സരത്തിന്റെ ആദ്യ ഗെയിമുകളില്‍ ഇഞ്ചോടിഞ്ച് പോരാടിയതിനു ശേഷമാണ് ആദ്യ സെറ്റ് സിന്ധുവിന് നഷ്ടമായത്. തുടര്‍ന്ന് രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചു വന്ന് സെറ്റ് സ്വന്തമാക്കാന്‍ പതിനേഴുകാരിയായ സിന്ധുവിനു കഴിഞ്ഞു. എന്നാല്‍ മൂന്നാം സെറ്റില്‍ തന്റെ പരിചയ സമ്പന്നത മുതലാക്കി ജപ്പാന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.
ലോക റാങ്കിങ്ങില്‍ പതിനാറാം സ്ഥാനക്കാരിയായ പി.വി.സിന്ധു മിന്നുന്ന പ്രകടനത്തോടെയാണ് ക്വാര്‍ട്ടര്‍ വരെ മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പറായ ചൈനീസ് താരം ഷിസിയാന്‍ വാങ്ങിനെ അട്ടിമറിച്ച് സിന്ധു വിസ്മയിപ്പിച്ചിരുന്നു.