മുഖ്യമന്ത്രി വിശദീകരണം തേടി

single-img
20 April 2013

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഗുജറാത്ത് ഒരിക്കലും കേരളത്തിന് മാതൃകയല്ലെന്നും ഗുജറാത്ത് മോഡല്‍ ഒരു കാരണവശാലും സ്വീകരിക്കുകയില്ലന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കോഴിക്കോട് ഒരു പരിപാടിക്കിടെ കണ്ട ഷിബു ബേബി ജോണിനോട് നേരിട്ട് മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. രാഷ്ട്രീയ വിവാദം മുന്നില്‍ക്കണ്ട് ആ കൂടിക്കാഴ്ച താന്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് അദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഗുജറാത്ത് തൊഴില്‍ മന്ത്രിയെക്കാണാനായാണ് ശ്രമിച്ചത്. എന്നാല്‍ നരേന്ദ്ര മോഡിയെക്കണ്ടാലേ തൊഴില്‍ മന്ത്രിയെക്കാണാന്‍ കഴിയൂ എന്ന സാഹചര്യം വന്നപ്പോഴാണ് മോഡിയെ കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രി ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയല്ല എന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവന അവിശ്വസനീയമാണെന്ന് വി.എസ്. പറഞ്ഞു. ഇത് സത്യമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. ശിവഗിരി ആശ്രമത്തില്‍ നടക്കാന്‍ പോകുന്ന ചടങ്ങില്‍ ക്ഷണമുണ്ടെങ്കിലും താന്‍ വിട്ടു നില്‍ക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. നരേന്ദ്ര മോഡിയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു.