ഭൂമി പോലെ രണ്ട് ഗ്രഹങ്ങള്‍

single-img
20 April 2013

ഭൂമിയിലേതു പോലെ ജീവന്റെ തുടിപ്പ് കാണാന്‍ സാധ്യതയുള്ള കണ്ട് ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ അറിയിച്ചു. ഭൂമിയില്‍ നിന്നും 1,200 പ്രകാശ വര്‍ഷമകലെയുള്ള ഒരു നക്ഷത്രത്തെ വലം വയ്ക്കുകയാണ് ഈ ഗ്രഹങ്ങള്‍. നാസയുടെ കെപ്ലര്‍ പര്യവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ വിവരങ്ങളാണ് ഭൂമിയ്ക്കു സമാനമായ രണ്ടു ഗ്രഹങ്ങളുടെ കണ്ടെത്തലിലേയ്ക്കു നയിച്ചത്. നക്ഷത്രത്തിന് കെപ്ലര്‍ -62 എന്നാണ് പേരിട്ടിരിക്കുന്നത്. ആകെ അഞ്ചു ഗ്രഹങ്ങളാണ് സൂര്യനെപ്പോലുള്ള ഈ നക്ഷത്രത്തെ വലം വയ്ക്കുന്നത്. ഇവയില്‍ നാലെണ്ണം ഭൂമിയെക്കാള്‍ വലിപ്പം കൂടിയ സൂപ്പര്‍ എര്‍ത്ത് എന്ന വിഭാഗത്തിലാണ് വരുന്നത്. ഒരെണ്ണത്തിന് സൗരയൂഥത്തിലെ ചൊവ്വാ ഗ്രഹത്തിന്റെ വലിപ്പമാണ് (ഭൂമിയുടെ പകുതി വലിപ്പം).

ഭൂമിയുമായി സമാനതകളുണ്ടെന്ന് കണ്ടെത്തിയ രണ്ടു ഗ്രഹങ്ങള്‍ക്ക് കെപ്ലര്‍ 62-എഫ്, കെപ്ലര്‍ 62- ഇ എന്നിങ്ങനെയാണ് പേരു നല്‍കിയിരിക്കുന്നത്. കെപ്ലര്‍ 62 എഫിന് ഭൂമിയുടേതില്‍ നിന്ന് കുറച്ചു മാത്രം വലിപ്പമേയുള്ളു. നക്ഷത്രത്തില്‍ നിന്നു വരുന്ന 41 ശതമാനം ചൂട് കെപ്ലര്‍ 62 എഫിനും 121 ശതമാനം കെപ്ലര്‍ 62 ഇയ്ക്കും കിട്ടുന്ന ദൂരത്തിലാണ് അവ സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കെപ്ലര്‍ 62 എഫില്‍ ജലത്തിന് ഒഴുകാന്‍ കഴിയുമെന്നും ഭൂമിയെപ്പോലെ കട്ടിയായ പ്രതിലമായിരിക്കും ഉണ്ടാകുകയെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെപ്ലര്‍ 62 ഇ മാതൃ നക്ഷത്രത്തിനോട് കുറച്ചു കൂടി അടുത്താണെങ്കിലും അതും ജീവനു അതിജീവിക്കാന്‍ കഴിയുന്ന ദൂരത്തിലാണ്. കെപ്ലര്‍ 62 എഫിനേക്കാള്‍ വലിപ്പം കൂടുതലാണ് ഈ ഗ്രഹത്തിനുള്ളത്. ഇതിന്റെ വലിപ്പം കൊണ്ടു തന്നെ സമുദ്രത്താല്‍ ചുറ്റപ്പെട്ട ജലത്തിന്റെ ഒരു ലോകമാകാന്‍ ഈ ഗ്രഹത്തിനു കഴിയുമെന്നാണ് കണക്കു കൂട്ടല്‍.
ഈ ഗ്രഹങ്ങളെ ഒന്നും തന്നെ നേരിട്ടു കണ്ടെത്താന്‍ കെപ്ലര്‍ ടെലസ്‌കോപിനു കഴിഞ്ഞിട്ടില്ല. ഇവ വലംവയ്ക്കുന്ന കെപ്ലര്‍ 62 നക്ഷത്രം പ്രത്യേക ഇടവേളകളില്‍ മങ്ങുന്നതില്‍ നിന്നുമാണ് ഗ്രഹങ്ങളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയത്.