ലോകത്തെ സ്വാധീനിച്ച 100 വ്യക്തികള്‍

single-img
18 April 2013

ലോക ജനതയ്ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ ഏറ്റവും പുതിയ പട്ടിക ടൈം മാഗസിന്‍ പുറത്തിറക്കി. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ലോകത്തെ നൂറു മികച്ച വ്യക്തിത്വങ്ങളെ ടൈം മാഗസിന്‍ അവതരിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഈ പ്രത്യേക ലക്കം പുറത്തിറക്കുന്നതിനു വ്യത്യസ്തങ്ങളായ കവര്‍ ഡിസൈനിങ് ആണ് ടൈം അവലംബിച്ചു വരുന്നത്. ഇത്തവണ ഏഴു പ്രത്യേക കവറുകളിലാണ് നൂറു മികച്ച വ്യക്തികളുടെ വിവരങ്ങളുമായി ടൈം മാഗസിന്‍ എത്തുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ഏഴു വ്യക്തികളുടെ മുഖ ചിത്രവും അവരെക്കുറിച്ച് പ്രമുഖ വ്യക്തികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുമാണ് ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാഗസിന്‍ ലഭ്യമാകുന്നത് ഇങ്ങനെ വ്യത്യസ്ത കവറുകളിലായിരിക്കും. അമേരിക്കയില്‍ നാലു വ്യത്യസ്ത രീതികളിലാകും മാഗസിന്‍ എത്തുന്നത്. എല്ലാ വ്യക്തികളുടെയും ചിത്രങ്ങളും വിവരണങ്ങളും അകം പേജുകളില്‍ കാണാനാകും.

ബോളിവുഡ് സൂപ്പര്‍ താരവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആമിര്‍ ഖാന്‍ ആണ് ഇന്ത്യയില്‍ നിന്ന് ടൈംമിന്റെ ഏഴു കവറുകളില്‍ ഒന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഓസ്‌കാര്‍ ജേതാവ് എ.ആര്‍ . റഹ്മാന്‍ ആണ് ഇന്ത്യയില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആമിറിനെക്കുറിച്ച് മാഗസിനില്‍ എഴുതുന്നത്. പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന്റെ വെടിയുണ്ട ഏറ്റുവാങ്ങേണ്ടി വന്ന ബാലിക മലാല യൂസഫ്‌സായിയെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ മകള്‍ ചെല്‍സിയ ക്ലിന്റണ്‍ ആണ് വിവരിക്കുന്നത്.ഹിപ്പ് ഹോപ്പ് ആര്‍ട്ടിസ്റ്റും പ്രമുഖ ബിസിനസുകാരനുമായ ജയ് ഇസഡ്, ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ്, കെന്റുകിയില്‍ നിന്നുള്ള സെനറ്റര്‍ റാന്‍ഡ് പോള്‍, ബിസിനസുകാരന്‍ എലോന്‍ മസ്‌ക്, ചൈനീസ് ടെന്നീസ് താരം ലീ നാ എന്നിവരാണ് മറ്റു കവറുകളില്‍ പ്രത്യക്ഷപ്പെട്ടവര്‍ .
അഗോള കത്തോലിക്ക സഭയുടെ പുതിയ മേധാവിയായി ചുമതലയേറ്റ പോപ്പ് ഫ്രാന്‍സിസ്, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, അദേഹത്തിന്റെ ഭാര്യ മിഷേല്‍ ഒബാമ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ബുക്കര്‍ പ്രൈസ് ജേതാവായ എഴുത്തുകാരി ഹിലാരി മാന്റല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം മരിയോ ബല്ലോട്ടെല്ലി, ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ പത്‌നി കേറ്റ് മിഡില്‍ട്ടണ്‍, ഹോളിവുഡ് താരം ജസ്റ്റിന്‍ ടിംബര്‍ലേക്ക്, പോപ് ഗായിക ബിയോണ്‍സ് എന്നീ പ്രമുഖരും 100 വ്യക്തികളുടെ പട്ടികയ്ക്ക് അഴകുകൂട്ടുന്നു.